Monday, December 15, 2008

എന്തരാകുമോ എന്തോ...

പല അതിക്രമങ്ങള്‍ നടന്ന എന്റെ ജീവിതത്തില്‍ ഒരു വലിയ അതിക്രമം നടക്കാന്‍ പോകുന്നു. അതിക്രമം എന്നു വെറുതെ പറഞ്ഞാല്‍ പോരാ. ഒരൊന്നൊന്നര അതിക്രമം.


ഒരു പുതിയ വഴിത്തിരിവ് എന്നും ജീവിതത്തിലെ പുതിയ അദ്ധ്യായം എന്നുമൊക്കെ വലിയ വലിയ ‘ടീമുകള്‍‘ വച്ച് കാച്ചുന്ന ഒരു സംഭവം. സംഭവം ഊഹിച്ചു കാണുമല്ലോ.അതേ ഞാന്‍ ഒരു പെണ്ണുകെട്ടാന്‍ തീരുമാനിച്ചു. എന്റെ സ്വഭാവം വച്ച് എനിക്ക് ഈ കേരളത്തില്‍ നിന്നെങ്ങും പെണ്ണു കിട്ടില്ല എന്ന് പറഞ്ഞ നാട്ടുകാര്‍ക്ക് ഇതൊരു ഞെട്ടലാകും എന്നുറപ്പ്. കുരങ്ങന്റെ കയ്യില്‍ പൂമാല, കഴുതയ്ക്കും കസ്തൂരി എന്നൊക്കെ പറയാന്‍ നിങ്ങളുടെ നാവ് തരിക്കുന്നുണ്ടെന്ന് എനിക്കറിയാം. നിങ്ങള്‍ തന്നെ ഒന്ന് ചിന്തിച്ചു നോക്കൂ. എനിക്കെന്താ ഒരു കുറവ്. വിവരക്കേടിന് വിവരക്കേട്, തല്ലുകൊള്ളിത്തരത്തിന് അതും ഉണ്ട്.ചുരുക്കം പറഞ്ഞാല്‍ രാഷ്ട്രീയക്കാരനായിട്ടെങ്കിലും ഞാന്‍ ജീവിച്ച് പോകുമെന്ന് ഉറപ്പ്.


പിന്നെ സൌന്ദര്യം. ആ കാര്യത്തില്‍ ഞാന്‍ കെട്ടാന്‍ പോകുന്ന പെണ്ണ് ഭാഗ്യവതിയാണെന്നുള്ള കാര്യത്തില്‍ എനിക്കുറപ്പാണ്.എന്റെ മാതാശ്രീ കഴിഞ്ഞ ദിവസം കൂടി പറയുകയുണ്ടായി, ഞങ്ങളുടെ നാട്ടില്‍ ഏറ്റവും സൌന്ദര്യമുള്ള വ്യക്തി ഞാനാണത്രെ. ഈ സംഭവം എനിക്ക് നേരത്തേ അറിയാമായിരുന്നു എങ്കിലും ഞാന്‍ അതിന്റെ ജാഡ ഒന്നും കാണിക്കാറില്ല. സൌന്ദര്യമില്ലാത്തവരുടെ കൂടെ അവരിലൊരാളായി ജീവിക്കാനാണെനിക്കിഷ്ടം.അത് എന്റെ വിനയം. എന്റെ പിതാശ്രീക്കും എന്റെ സൌന്ദര്യത്തിന്റെ കാര്യത്തില്‍ എതിരഭിപ്രായം ഉണ്ടെന്ന് തോന്നുന്നില്ല. എന്റെ അച്ഛനമ്മമാരൊഴിച്ച്, എന്നെ അറിയാവുന്ന ഒരാളും, എന്റെ വീട്ടുകാരോ നാട്ടുകാരോ എന്തിനധികം എന്റെ സഹോദരി പോലും ഞാന്‍ സുമുഖനോ സുന്ദരനോ ആണെന്ന് പറഞ്ഞിട്ടില്ല. അതിന്റെ പിന്നിലുള്ള വികാരം ശുദ്ധമായ അസൂയയാണെന്ന് എനിക്കറിയാം.(അല്ലെങ്കിലും ഈ മലയാളികളൊക്കെ ഇങ്ങനാ.......നീഗ്രോകളുള്ള നാട്ടില്‍ ചെന്നിരുന്നെങ്കില്‍ അവരെന്നെ സായിപ്പേ എന്നു വിളിച്ചേനെ). എന്റെ അച്ഛനും അമ്മയും കള്ളം പറയില്ല. സത്യം. എന്റെ സൌന്ദര്യം നിങ്ങളെങ്കിലും തിരിച്ചറിയണം. അറിഞ്ഞേ പറ്റൂ.....ഇല്ലെങ്കില്‍ ഞാന്‍ അറിയിക്കും(അല്പം ഭീഷണിയാണെന്ന് തന്നെ കൂട്ടിക്കോളൂ...)


വിദ്യാഭ്യാസത്തിന് മാത്രമേ എനിക്കൊരല്‍പ്പം കുറവുള്ളൂ. യഥാർത്ഥത്തില്‍ അതൊരു കുറവാണോ? എന്റെ കൂടെ ഒന്‍പതാം ക്ലാസ്സില്‍ പഠിച്ച സത്താര്‍ , പഠിക്കാന്‍ വയ്യ എന്നും പറഞ്ഞ് പരീക്ഷപോലും എഴുതാതെ മണല്‍ ലോറിയില്‍ കിളിയായിട്ട് പോയി. അവനിപ്പോ മണലൂറ്റിയൂറ്റി ഒരു ബംഗ്ലാവ് നാല് ലോറി, പലയിടത്തായി മൂന്ന് കെട്ട്യോളുമാരുമായി. പത്താം ക്ലാസ്സ് ജയിച്ച ഞാനോ? അപ്പോള്‍ പറഞ്ഞ് വന്നതെന്താണ് എന്ന് വച്ചാല്‍ വിദ്യാഭ്യാസം എന്നു പറയുന്നതിലൊന്നും ഒരു കാര്യവുമില്ല. ഇപ്പൊ തന്നെ എനിക്കിപ്പോഴുള്ള ജോലിക്ക് പോകേണ്ട ഒരു കാര്യവുമില്ല. പിന്നെ പട്ടിണികിടക്കാന്‍ വയ്യാത്തത് കൊണ്ട മാത്രമാ ഈ ‘പുല്ല്‘ ചെയ്യാമെന്ന് വയ്ക്കുന്നത് (ഈ ഡയലോഗിന് കടപ്പാട് പറയേണ്ടതാ. പക്ഷെ എന്റെ പട്ടി പറയും.........)


അപ്പോള്‍ പറഞ്ഞത് പോലെ അടുത്ത മാസത്തില്‍ അതായത് ജനുവരി പതിനേഴാം തീയതി രാവിലെ 10.30 നും 11 നും ഇടക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍ (ആ സമയം നല്ലതാണെന്നാ ജ്യോത്സ്യന്‍ പറയുന്നത്. എന്തരോ എന്തോ?) ഒരു പാവം പെണ്‍കുട്ടിയുടേ ജീവിതത്തിന്റെ കാര്യത്തില്‍ ഒരു ‘തീരുമാന‘മാകുകയാണ്. ആ ‘കാഴ്ച‘ കണ്‍കുളിര്‍ക്കെ കാണാന്‍ എല്ലാവരും എത്തുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതീക്ഷയല്ല എത്തണം.(വീണ്ടും ഭീഷണി).


തലേന്ന് വരുന്നവര്‍ക്ക് വേണ്ടി താമസവും ‘കള്ള്’ മേളയും അറേഞ്ച് ചെയ്തിട്ടുണ്ട്. ‘മാന്യ‘ന്മാർക്കും മഹതികള്‍ക്കും ഇളനീരും ലഭ്യമാണ്. കള്ള് മേളയുടെ കാര്യം പറയാതെ പോകുന്നത് ‘ദ്രോഹ’ മാണെന്ന് കരുതുന്നു. കാരണം നിങ്ങളുടേ സാന്നിദ്ധ്യവും പ്രാര്‍ത്ഥനയും അത്രക്ക് വിലപ്പെട്ടതാണ് എനിക്ക്....