Tuesday, July 28, 2009

ഞാന്‍ കോടീശ്വരന്‍?

ബിരുദ പഠനം മൂന്ന് വര്‍ഷം എന്നത് വളരെ കുറഞ്ഞ കാലയളവാണ് . എന്നെ പോലെ, ചില വിഷയങ്ങള്‍ക്ക് അവഗാഹമായ പാണ്ഡിത്യം വേണമെന്ന് കരുതുന്നവര്‍ക്ക് മിനിമം അഞ്ച് വര്‍ഷമെങ്കിലും വേണം ബിരുദ പഠനത്തിന്. യൂണിവേഴ്സിറ്റി എന്റെയീ മാന്യമായ ആഗ്രഹം അനുവദിച്ചില്ലെങ്കിലും ഞാന്‍ തോറ്റ് പിന്മാറിയില്ല. അഞ്ചാമത്തെ വര്‍ഷമാണ് ഞാന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദത്തിന്റെ സര്‍ട്ടിഫിക്കറ്റ് കയ്യില്‍ വാങ്ങിയത്. യൂണിവേഴ്സിറ്റി പോലും തലതാഴ്ത്തിയിട്ടുണ്ടാകും എന്റെ പോരാട്ട വീര്യത്തെ കുറിച്ചോര്‍ത്ത്.


അതെന്തു തന്നെയായാലും മൂന്നു വര്‍ഷത്തെ ബിരുദ പഠനത്തിന് ശേഷം അവഗാഹമായ പാണ്ഡിത്യം വേണ്ട ചില വിഷയങ്ങള്‍ കടന്ന് കൂടാന്‍ ഞാന്‍ രണ്ടാമതും മൂന്നാമതും ‘കുത്തുന്ന‘ കാലം. ആ വിശ്രമകാലത്ത് ഒരു ദിവസം രാവിലെ പത്രത്തില്‍ മുഴുകിയിരുന്ന എന്റെ ‘അന്തരാത്മാവില്‍ ഒരു നിമിര്‍ഗമനം ‘(അത് സാഹിത്യമാ.... മനസ്സിലായികൊള്ളണമെന്നില്ല). തലേന്ന് കഴിച്ച ബിരിയാണിയുടേതാണെന്നാണ് ഞാന്‍ ആദ്യം കരുതിയത്. അല്ല. ഉള്ളിലിരുന്ന് ആരോ മന്ത്രിക്കുന്നത് പോലെ, മെയില്‍ ഒന്ന് ചെക്ക് ചെയ്യെടാ...മെയില്‍ ഒന്ന് ചെക്ക് ചെയ്യെടാ എന്ന്. അന്തരാത്മാവിന്റെ പ്രശ്നമല്ലേ. അതങ്ങനെ തള്ളികളയാന്‍ പാടില്ലല്ലോ. ഞാന്‍ എഴുനേറ്റു.


കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു. നെറ്റ് കണക്ട് ചെയ്തു. ഡയല്‍ അപ്പ് കണക്ഷനായതിനാല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സിനിമപോലെ ഒരുപാട് നേരം എന്നെ മുഷിപ്പിച്ച ശേഷമാണ് മെയില്‍ ഒന്ന് ഓപ്പണ്‍ ചെയ്യാന്‍ പറ്റിയത്. ഇന്‍ബോക്സില്‍ രണ്ടാമത് മൈക്രോസോഫ്റ്റിന്റെ പേരില്‍ കിടക്കുന്ന മെയിലിന്റെ ‘കണ്‍ഗ്രാഡുലേഷന്‍‘ എന്ന സബ്ജക്ട് ലൈനില്‍ എന്റെ കണ്ണുകളുടക്കി. വേലയും കൂലിയുമില്ലാതെ ഈ കാട്ടുമുക്കില്‍ താമസിക്കുന്ന എന്നെ അഭിനന്ദിക്കാന്‍ ബില്‍ഗേറ്റ്സിന്റെ പിരി വല്ലതുമിളകിയോ എന്ന് ചിന്തിച്ച് ഞാന്‍ മെയില്‍ തുറന്നു. മൈക്രോസോഫ്റ്റ്കാര്‍ കഴിഞ്ഞ ആഴ്ച കമ്പ്യൂട്ടറിനെ കൊണ്ട് നടത്തിച്ച നറുക്കെടുപ്പില്‍ എന്റെ മെയില്‍ അഡ്രസ്സാണ് തിരഞ്ഞെടുക്കപ്പെട്ടതത്രേ. ഈ മൈക്രോസോഫ്റ്റ്കാരുടെ ഓരോരോ ടെക്നോളൊജികള്‍....


എനിക്ക് അടിച്ച ലോട്ടറിക്ക് കിട്ടുന്ന സമ്മാനതുക കണ്ടപ്പോള്‍, ടീവിയിലെ ടെലിഷോപ്പിങ്ങ് പരിപാടിയിലെ ഇളക്കക്കാരി മദാമ്മയെ പോലെ ഞാനും അറിയാതെ നിലവിളിച്ചുപോയി “Woooo----w". 5 ലക്ഷം പൌണ്ട്. അപ്പോള്‍ തന്നെ പൌണ്ടിന്റെ വിനിമയ നിരക്ക് നോക്കി തുകയേ രൂപയിലേക്ക് കണക്ക് കൂട്ടിയപ്പോള്‍ ഞാന്‍ മദാമ്മയുടേ “Woooo...w" ഒന്നുകൂടി വിളിച്ചുപോയി. ഞാന്‍ കോടീശ്വരനായിരിക്കുന്നു. കോടീശ്വരന്‍.


എനിക്ക് നില്‍ക്കണമോ അതോ ഇരിക്കണമോ അതോ ഇതു രണ്ടുമല്ല കിടക്കണമോ എന്ന് പോലും അറിയാത്ത അവസ്ഥ. ഞാന്‍ പല പല പ്രാവശ്യം എന്റെ ആ‘ഭാഗ്യ മെയില്‍‘ വായിച്ചു. മനസ്സിലാകാത്ത പല വാക്കുകളുടെയും അര്‍ത്ഥം ഡിക്ഷ്നറി എടുത്ത് കൊണ്ട് വന്ന് അതില്‍ നോക്കി മനസ്സിലാക്കി. ഒരിക്കലുമില്ലാത്തത് പോലെ ഡിക്ഷ്നറി എടുത്ത് കൊണ്ട് പോകുന്ന എന്നെ കണ്ടപ്പോള്‍ എന്റെ മാതാശ്രീയുടെ മുഖത്തുണ്ടായ അവിശ്വസനീയത ഞാന്‍ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചു. ഇതിന് മുന്‍പ്, ഇത്ര വലിയ ഡിക്ഷ്നറിക്ക് എത്ര വില വരും എന്ന ഉദ്വേഗമാണ് എന്നെകൊണ്ട് ആ ഡിക്ഷ്നറി തുറപ്പിച്ചത്. അന്ന് വില നോക്കി അടച്ച് വച്ച ആ പുസ്തകത്തിന് ഇങ്ങനെയും ചില ഉപയോഗവുമുണ്ടെന്ന് ബോധ്യമായത് ഈ ഒരവസരത്തിലാണെന്ന് മാത്രം.


ഈ മെയിലിന്റെ വിശ്വാസ്യതയില്‍ എനിക്ക് ഒരു സംശയവും തോന്നിയില്ല. കാരണം കാശ് നമ്മുടെ കയ്യിലേക്ക് തരുന്നതിന് വേണ്ടി ക്ലെയിം ചെയ്യാനും എന്ത് സംശയമുണ്ടെങ്കിലും വിളിച്ച് ചോദിക്കാനും പറഞ്ഞ് രണ്ട് സായിപ്പ് അണ്ണന്മാരുടെ ഫോണ്‍ നമ്പറുകളും ഇ-മെയില്‍ അഡ്രസ്സുകളും ആ മെയിലില്‍ കൊടുത്തിരുന്നു. പിന്നെ ഞാന്‍ എന്തിന് സംശയിക്കണം.ആ നിര്‍മ്മല ഹൃദയരെ സംശയിക്കുന്നത് പോലും പാപമാണ്. ‘മുഖച്ചിത്രം’ എന്ന സിനിമയിലെ ജഗതിയും ‘കിലുക്കത്തിലെ’ ഇന്നസെന്റും എന്റെ മനസിലൂടെ കടന്ന് പോയെങ്കിലും ആ ചിത്രത്തേക്കാള്‍ എന്റെ മനസ്സില്‍ തെളിച്ചം ടീവിയിലൂടെ കാണിച്ച സൂപ്പര്‍ ലോട്ടോ പരസ്യത്തിലെ കോടികള്‍ കിട്ടി പണക്കാരായ ദരിദ്രവാസികളുടെ മുഖങ്ങള്‍ക്കായിരുന്നു.


ഏതായാലും ഞാന്‍ ഒരു വലിയ ആളായെന്നുള്ള കാര്യം ചൂടു പോകുന്നതിന് മുന്‍പ് ഞാന്‍ മാതാശ്രീയെയും സഹോദരിയെയും അറിയിച്ചു. കോടികളുടെ കണക്ക് കേട്ടപ്പോള്‍ അവരുടെ മുഖത്ത് വന്ന ചിരി പുച്ഛമാണൊ പരിഹാസമാണോ അഭിമാനമാണോ എന്നൊന്നും ചികഞ്ഞറിയാനുള്ള മാനസികാസ്ഥയിലായിരുന്നില്ല ഞാന്‍. അഥവാ പുച്ഛമാണെങ്കില്‍ തന്നെ അതെനിക്കൊരു പ്രശ്നമായിരുന്നില്ല. ഫലമുള്ള മാവിലല്ലേ ആളുകള്‍ കല്ലെറിയൂ. അത് പണക്കാരുടെ വിധിയാണ് എന്ന് സമാധാനിക്കാന്‍ എനിക്ക് കഴിയും. എന്റെ വീട് പണിക്ക് ഒരു 10 ലക്ഷം തരണേടാ എന്ന സഹോദരിയുടെ വാക്കുകളും കേട്ടില്ലെന്ന് നടിച്ച് ഞാന്‍ എന്റെ മുറിയിലേക്ക് നടന്നു, കോടികള്‍ ക്ലെയിം ചെയ്യാന്‍....


ഈ സന്തോഷ വാര്‍ത്ത അളിയനെ അറിയിച്ചില്ലെങ്കില്‍ മോശമല്ലേ എന്ന് കരുതി ഞാന്‍ ഇംഗ്ലണ്ടില്‍ ഓണ്‍സൈറ്റ് പോയിരുന്ന പുള്ളിക്കും വിവരങ്ങളെല്ലാം കാട്ടി വിശദമായ ഒരു മെയില്‍ അയച്ചു. അളിയന് ഒരു നല്ല കാലം വന്നിട്ട് എന്നോട് പറഞ്ഞില്ലല്ലോ എന്ന് പറയാന്‍ പാടില്ലല്ലോ . അധികം താമസിയാതെ തന്നെ എന്റെ പുന്നാര അളിയന്റെ മറുപടി എനിക്ക് കിട്ടി. ഇത് ഒന്നാന്തരം പറ്റിപ്പാണ്. ഇത്തരം പറ്റിപ്പിനെ കുറിച്ച് അവിടെ അതായത് ഇംഗ്ലണ്ടില്‍ ,ടിവിയില്‍ വാര്‍ത്ത ഉണ്ടായിരുന്നു എന്നൊക്കെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി.


എനിക്ക് ആ മറുപടിയില്‍ ഒരതിശയവും തോന്നിയില്ല. കാരണം ഒരുത്തന്‍ രക്ഷപ്പെട്ടെന്ന് കേട്ടാല്‍ അത് സ്വന്തം അളിയനാണെങ്കില്‍ പോലും സഹിക്കില്ലല്ലോ. അസൂയ വന്നാല്‍ ഇതും ഇതിനപ്പുറവും പറയും എന്നറിയാമായിരുന്നതിനാല്‍ ഞാന്‍ പ്രതികരിക്കാന്‍ പോയില്ല. വീടു പണിക്ക് കാശിന് ഇങ്ങു വരുമല്ലോ, അന്ന് അളിയനും പെങ്ങള്‍ക്കുമുള്ള മറുപടി കൊടുക്കാം എന്ന് ഉറപ്പിച്ചു ഞാന്‍.


എനിക്ക് കോടികള്‍ തരാന്‍ പോകുന്ന അണ്ണന്‍മാര്‍ക്ക് അവര്‍ ആവശ്യപ്പെട്ട വിലാസം, ജനനതീയതി, വയസ്സ് , ബാങ്ക് അക്കൌണ്ട് നമ്പര്‍ എന്നിവയെല്ലാം വച്ച് ഞാന്‍ ഒരു മെയിലയച്ചു. എന്റെ, പട്ടി പെറ്റുകിടക്കുന്ന ബാങ്ക് അക്കൌണ്ടിന്റെ നമ്പര്‍ അവര്‍ക്ക് കൊടുക്കാന്‍ എനിക്കാസമയം ഒരു ഉളുപ്പും തോന്നിയില്ല എന്നതാണ് സത്യം. അപ്പോള്‍ തന്നെ അണ്ണന്‍മാരുടെ മറുപടിയും കിട്ടി. ദേ ഞങ്ങള്‍ കാശ് ക്ലെയിംസ് ഏജന്‍റിന് കൈമാറിയിട്ടുണ്ട്. നിങ്ങള്‍ ആ സാറിനെ വിളിക്കൂ എന്ന് പറഞ്ഞ് ഒരു നമ്പറും തന്നു കൊണ്ടുള്ളതായിരുന്നു അവരുടെ മറുപടി. അവസാനം ‘കണ്‍ഗ്രാഡുലേഷന്‍സ്’ ഒരിക്കല്‍ കൂടി പറയാനും അവര്‍ മറന്നില്ല.


കോള്‍മയിര്‍ കൊണ്ടുപോയ ഞാന്‍, ജീവിച്ചിരിക്കുന്നു എന്ന് ഉറപ്പാക്കാന്‍ എന്റെ കൈയ്യില്‍ നുള്ളി നോക്കി. എന്നിട്ടും വിശ്വാസമാകാതെ ഒരു പിന്‍ കൊണ്ടും കുത്തി വിശ്വാസയോഗ്യമാക്കി. എന്റെ മനസ്സില്‍ പല പല പ്ലാനിങ്ങുകളും നടക്കുകയായിരുന്നു. പണക്കാരനായാല്‍ പണി കൊടുക്കണ്ടവരുടെ ലിസ്റ്റ് തന്നെ മനസ്സില്‍ കുറിച്ചിട്ടു. ബൈക്കില്‍ ഒരു ലിഫ്റ്റ് തരാതിരുന്ന അനീഷ് , മനുഷ്യന് സ്വൈര്യക്കേടായി എന്തിനാടൊ രാവിലെ ഒരുങ്ങികെട്ടി ഇങ്ങോട്ട് കെട്ടിയെഴുന്നള്ളുന്നത് എന്ന് ചോദിച്ച ബിന്ദു ടീച്ചര്‍, ഇവനൊന്നും നന്നാകാനുള്ളവനല്ല എന്ന് ഉറപ്പിച്ച അടുത്ത ബന്ധുക്കള്‍ എന്നിങ്ങനെ എന്റെ ലിസ്റ്റ് നീണ്ടു. അതിനോടൊപ്പം തന്നെയായിരുന്നു ആശങ്കകളുടെ സ്ഥാനവും. ഇത്രയും കാശ് ഒരുമിച്ച് ഏത് ബാങ്കിലിടും, അഞ്ച് വര്‍ഷം കൊണ്ട് ഇരട്ടിയാകുന്ന സ്കീമില്‍ കോടികള്‍ ഇടാന്‍ പറ്റുമോ, കാശുകാരാനായാല്‍ ഞാന്‍ അഹങ്കാരിയാകുമോ, തുടങ്ങി ആശങ്കകളുടെ അയ്യരുകളിയായിരുന്നു എനിക്ക്. ഏതായാലും ഇരുപത് ലക്ഷത്തിന് മുകളില്‍ വിലയുള്ള ഒരു കാര്‍ ഉടന്‍ ബുക്ക് ചെയ്യണം എന്ന് ഞാന്‍ ഉറപ്പിച്ചു. നമ്മള്‍ വലിയ സംഭവമായ കാര്യം നാട്ടുകാരെയും കൂട്ടുകാരെയും വീട്ടുകാരെയും അറിയിക്കാന്‍ കാറാണ് എളുപ്പവഴി.


ക്ലെയിംസ് ഏജന്റിനെ എങ്ങനെ വിളിക്കും. അതായി അടുത്ത പ്രശ്നം. വിളിച്ചാല്‍ തന്നെ സായിപ്പാണ് ഫോണ്‍ എടുക്കുന്നതെന്ന് ഉറപ്പ്. അവന്മാരുടെ ഒരു മെയിലു വായിക്കാന്‍ ഞാന്‍ പെട്ടപാട് എനിക്കെ അറിയൂ. അളിയനെ കൊണ്ട് വിളിപ്പിക്കാമായിരുന്നു. പക്ഷെ എന്നോട് ഇത്രയും അസൂയയുള്ള അളിയനെ കൊണ്ട് ഇനി അവരെ വിളിപ്പിക്കാന്‍ എന്നിലെ ബുദ്ധിമാന്‍ എന്നെ അനുവദിച്ചില്ല. പുള്ളിക്ക് ഞാന്‍ നന്നാവുന്നത് ഇഷ്ടമല്ലാത്ത സ്ഥിതിക്ക് പുള്ളി ചിലപ്പോള്‍ ആ സായിപ്പന്മാരെ തെറ്റിദ്ധരിപ്പിച്ച് എന്റെ കോടികള്‍ തട്ടിയെടുത്തേക്കാം. കാശിന്റെ കാര്യമല്ലേ. അങ്ങനെ എന്റെ വിവരക്കേട് മുതലെടുത്ത് ആരും കോടീശ്വരന്മാരാകേണ്ട.


അങ്ങനെ തലപുകഞ്ഞ് പുകഞ്ഞ് കത്തുമെന്ന അവസ്ഥയിലിരിക്കുമ്പോഴാണ് എന്റെ പുന്നാര അളിയന്റെ അടുത്ത മെയില്‍ എനിക്ക് കിട്ടുന്നത്. തുറന്ന് നോക്കിയപ്പോള്‍ പ്രത്യേകിച്ചൊന്നുമില്ല , ഏതോ ഒരു സൈറ്റിന്റെ ലിങ്ക് മാത്രം. എന്നിലുറച്ച് പോയ ‘കോടീശ്വരന്റെ’ ഗര്‍വ്വോടും പുച്ഛത്തോടും കൂടി ഞാന്‍ ആ ലിങ്കില്‍ ക്ലിക്ക് ചെയ്തു. ഓപ്പണായി വന്ന സൈറ്റിലെ വരികള്‍ കണ്ട് എന്റെ കണ്ണ് തള്ളി. വെറുതെ ഒരു തള്ളലായിരുന്നില്ല അത്. സൂര്യ ടീവിയില്‍ പണ്ട് കാണിച്ച യക്ഷി സീരിയലിലെ കൂതറ യക്ഷിയുടെ കണ്ണുപോലെ എന്റെ കണ്ണും രണ്ടര ഇഞ്ച് പുറത്തേക്ക് വന്നു. എനിക്ക് കിട്ടിയ മെയില്‍ അതേ പോലെ ദാ ഈ സൈറ്റില്‍ കിടക്കുന്നു. നറുക്കെടുത്ത തീയതിയും വിര്‍ച്വല്‍ ടിക്കറ്റ് നമ്പറും എല്ലാം കൃത്യം. കിറുകൃത്യം. ഇ-മെയില്‍ പറ്റിപ്പുകള്‍ രേഖപ്പെടുത്താവുന്ന ആ സൈറ്റില്‍ ഇതേ മെയില്‍ തന്നെ ഇരുപതോളം പേര്‍ ഇട്ടിട്ടുണ്ട് എന്ന് മനസ്സിലാക്കിയ നിമിഷം ഞാന്‍ തളര്‍ന്നു. ഒരു വെള്ളിടി വെട്ടി നിന്ന നില്‍പ്പില്‍ ഞാന്‍ സമാധി ആയെങ്കില്‍ എന്ന് ആ നിമിഷം ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. എന്റെ കോടികള്‍ ഒലിച്ച് പോയിരിക്കുന്നു. എന്റെ പ്രതീക്ഷകളും ആശങ്കകളുമാണ് താഴെ വീണ മുട്ട പോലെ ചിതറി തെറിച്ചത്. മൂന്ന് മണിക്കൂര്‍ കൊണ്ട് ഞാന്‍ അത്രയ്ക്ക് അങ്ങ് ആഗ്രഹിച്ചുപോയിരുന്നു. എന്നെ പറ്റിച്ചവന്‍മാരെ അവന്റെയൊക്കെ അഛനെയും അമ്മയെയും ചേര്‍ത്ത് ഞാന്‍ ഒറ്റശ്വാസത്തില്‍ പ്രാകി. അവന്റെയൊക്കെ അഛനമ്മമാര്‍ തുമ്മി തുമ്മി ഒരു വഴിക്കായിട്ടുണ്ടായിരിക്കും എന്നെനിക്കുറപ്പ്.


അന്നു മുതല്‍ ‘കണ്‍ഗ്രാഡുലേഷന്‍സ്’ എന്ന പദത്തെ തന്നെ ഞാന്‍ വെറുത്തു, സ്കൂളില്‍ പഠിച്ചപ്പോള്‍ ഇംഗ്ലീഷിനെയും ഇംഗ്ലീഷ് ടീച്ചര്‍മാരെയും വെറുത്തത് പോലെ. ദുഷ്ടന്മാര്‍ക്ക് പോലും ഇങ്ങനെ ഒരു വിധി ദൈവം കൊടുക്കാതിരിക്കട്ടെ. അത് മാത്രമേ ഉള്ളു എന്റെ പ്രാര്‍ത്ഥന.


കൂട്ടിചേര്‍ക്കല്‍: ഈ സംഭവത്തിന് ശേഷം എന്റെ മെയില്‍ ഇന്‍ബോക്സില്‍ പത്തും പതിനഞ്ചും ‘കണ്‍ഗ്രാഡുലേഷന്‍സ്’ മെയിലുകള്‍ ഒരേ സമയം വന്നു കിടന്നിട്ടും ഞാന്‍ അത് ഒന്നു തുറന്നുപോലും നോക്കാതെ ഡിലിറ്റ് ചെയ്ത് കളഞ്ഞു. കാരണം കാശ് നമ്മളെ അഹങ്കാരികളാക്കി കളയും..... അതു കൊണ്ട് മാത്രം മറ്റൊന്നുമല്ല. സത്യം.....