Monday, December 15, 2008

എന്തരാകുമോ എന്തോ...

പല അതിക്രമങ്ങള്‍ നടന്ന എന്റെ ജീവിതത്തില്‍ ഒരു വലിയ അതിക്രമം നടക്കാന്‍ പോകുന്നു. അതിക്രമം എന്നു വെറുതെ പറഞ്ഞാല്‍ പോരാ. ഒരൊന്നൊന്നര അതിക്രമം.


ഒരു പുതിയ വഴിത്തിരിവ് എന്നും ജീവിതത്തിലെ പുതിയ അദ്ധ്യായം എന്നുമൊക്കെ വലിയ വലിയ ‘ടീമുകള്‍‘ വച്ച് കാച്ചുന്ന ഒരു സംഭവം. സംഭവം ഊഹിച്ചു കാണുമല്ലോ.അതേ ഞാന്‍ ഒരു പെണ്ണുകെട്ടാന്‍ തീരുമാനിച്ചു. എന്റെ സ്വഭാവം വച്ച് എനിക്ക് ഈ കേരളത്തില്‍ നിന്നെങ്ങും പെണ്ണു കിട്ടില്ല എന്ന് പറഞ്ഞ നാട്ടുകാര്‍ക്ക് ഇതൊരു ഞെട്ടലാകും എന്നുറപ്പ്. കുരങ്ങന്റെ കയ്യില്‍ പൂമാല, കഴുതയ്ക്കും കസ്തൂരി എന്നൊക്കെ പറയാന്‍ നിങ്ങളുടെ നാവ് തരിക്കുന്നുണ്ടെന്ന് എനിക്കറിയാം. നിങ്ങള്‍ തന്നെ ഒന്ന് ചിന്തിച്ചു നോക്കൂ. എനിക്കെന്താ ഒരു കുറവ്. വിവരക്കേടിന് വിവരക്കേട്, തല്ലുകൊള്ളിത്തരത്തിന് അതും ഉണ്ട്.ചുരുക്കം പറഞ്ഞാല്‍ രാഷ്ട്രീയക്കാരനായിട്ടെങ്കിലും ഞാന്‍ ജീവിച്ച് പോകുമെന്ന് ഉറപ്പ്.


പിന്നെ സൌന്ദര്യം. ആ കാര്യത്തില്‍ ഞാന്‍ കെട്ടാന്‍ പോകുന്ന പെണ്ണ് ഭാഗ്യവതിയാണെന്നുള്ള കാര്യത്തില്‍ എനിക്കുറപ്പാണ്.എന്റെ മാതാശ്രീ കഴിഞ്ഞ ദിവസം കൂടി പറയുകയുണ്ടായി, ഞങ്ങളുടെ നാട്ടില്‍ ഏറ്റവും സൌന്ദര്യമുള്ള വ്യക്തി ഞാനാണത്രെ. ഈ സംഭവം എനിക്ക് നേരത്തേ അറിയാമായിരുന്നു എങ്കിലും ഞാന്‍ അതിന്റെ ജാഡ ഒന്നും കാണിക്കാറില്ല. സൌന്ദര്യമില്ലാത്തവരുടെ കൂടെ അവരിലൊരാളായി ജീവിക്കാനാണെനിക്കിഷ്ടം.അത് എന്റെ വിനയം. എന്റെ പിതാശ്രീക്കും എന്റെ സൌന്ദര്യത്തിന്റെ കാര്യത്തില്‍ എതിരഭിപ്രായം ഉണ്ടെന്ന് തോന്നുന്നില്ല. എന്റെ അച്ഛനമ്മമാരൊഴിച്ച്, എന്നെ അറിയാവുന്ന ഒരാളും, എന്റെ വീട്ടുകാരോ നാട്ടുകാരോ എന്തിനധികം എന്റെ സഹോദരി പോലും ഞാന്‍ സുമുഖനോ സുന്ദരനോ ആണെന്ന് പറഞ്ഞിട്ടില്ല. അതിന്റെ പിന്നിലുള്ള വികാരം ശുദ്ധമായ അസൂയയാണെന്ന് എനിക്കറിയാം.(അല്ലെങ്കിലും ഈ മലയാളികളൊക്കെ ഇങ്ങനാ.......നീഗ്രോകളുള്ള നാട്ടില്‍ ചെന്നിരുന്നെങ്കില്‍ അവരെന്നെ സായിപ്പേ എന്നു വിളിച്ചേനെ). എന്റെ അച്ഛനും അമ്മയും കള്ളം പറയില്ല. സത്യം. എന്റെ സൌന്ദര്യം നിങ്ങളെങ്കിലും തിരിച്ചറിയണം. അറിഞ്ഞേ പറ്റൂ.....ഇല്ലെങ്കില്‍ ഞാന്‍ അറിയിക്കും(അല്പം ഭീഷണിയാണെന്ന് തന്നെ കൂട്ടിക്കോളൂ...)


വിദ്യാഭ്യാസത്തിന് മാത്രമേ എനിക്കൊരല്‍പ്പം കുറവുള്ളൂ. യഥാർത്ഥത്തില്‍ അതൊരു കുറവാണോ? എന്റെ കൂടെ ഒന്‍പതാം ക്ലാസ്സില്‍ പഠിച്ച സത്താര്‍ , പഠിക്കാന്‍ വയ്യ എന്നും പറഞ്ഞ് പരീക്ഷപോലും എഴുതാതെ മണല്‍ ലോറിയില്‍ കിളിയായിട്ട് പോയി. അവനിപ്പോ മണലൂറ്റിയൂറ്റി ഒരു ബംഗ്ലാവ് നാല് ലോറി, പലയിടത്തായി മൂന്ന് കെട്ട്യോളുമാരുമായി. പത്താം ക്ലാസ്സ് ജയിച്ച ഞാനോ? അപ്പോള്‍ പറഞ്ഞ് വന്നതെന്താണ് എന്ന് വച്ചാല്‍ വിദ്യാഭ്യാസം എന്നു പറയുന്നതിലൊന്നും ഒരു കാര്യവുമില്ല. ഇപ്പൊ തന്നെ എനിക്കിപ്പോഴുള്ള ജോലിക്ക് പോകേണ്ട ഒരു കാര്യവുമില്ല. പിന്നെ പട്ടിണികിടക്കാന്‍ വയ്യാത്തത് കൊണ്ട മാത്രമാ ഈ ‘പുല്ല്‘ ചെയ്യാമെന്ന് വയ്ക്കുന്നത് (ഈ ഡയലോഗിന് കടപ്പാട് പറയേണ്ടതാ. പക്ഷെ എന്റെ പട്ടി പറയും.........)


അപ്പോള്‍ പറഞ്ഞത് പോലെ അടുത്ത മാസത്തില്‍ അതായത് ജനുവരി പതിനേഴാം തീയതി രാവിലെ 10.30 നും 11 നും ഇടക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍ (ആ സമയം നല്ലതാണെന്നാ ജ്യോത്സ്യന്‍ പറയുന്നത്. എന്തരോ എന്തോ?) ഒരു പാവം പെണ്‍കുട്ടിയുടേ ജീവിതത്തിന്റെ കാര്യത്തില്‍ ഒരു ‘തീരുമാന‘മാകുകയാണ്. ആ ‘കാഴ്ച‘ കണ്‍കുളിര്‍ക്കെ കാണാന്‍ എല്ലാവരും എത്തുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതീക്ഷയല്ല എത്തണം.(വീണ്ടും ഭീഷണി).


തലേന്ന് വരുന്നവര്‍ക്ക് വേണ്ടി താമസവും ‘കള്ള്’ മേളയും അറേഞ്ച് ചെയ്തിട്ടുണ്ട്. ‘മാന്യ‘ന്മാർക്കും മഹതികള്‍ക്കും ഇളനീരും ലഭ്യമാണ്. കള്ള് മേളയുടെ കാര്യം പറയാതെ പോകുന്നത് ‘ദ്രോഹ’ മാണെന്ന് കരുതുന്നു. കാരണം നിങ്ങളുടേ സാന്നിദ്ധ്യവും പ്രാര്‍ത്ഥനയും അത്രക്ക് വിലപ്പെട്ടതാണ് എനിക്ക്....

Thursday, August 7, 2008

എങ്കിലും എന്റെ മാഷേ...

ശാരി ഗോപന്‍ എന്നോട് എന്തോ പറയാന്‍ ശ്രമിക്കുകയാണ്. പക്ഷെ ഒന്നും കേള്‍ക്കാന്‍ സാധിക്കുന്നില്ല. മണിശബ്ദം പോലെ എന്തോ ഒന്ന് എന്റെ കാതിനും ശാരിയുടേ നാവിനു മിടയില്‍ വഴിമുടക്കിയായി മുഴങ്ങുകയാണ്. എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഞാന്‍ കണക്കിന് ട്യൂഷനുവേണ്ടി പോകുന്ന മാഷിന്റെ അടുത്താണ് ഏഴാം ക്ലാസ്സിലെ ട്യൂഷനു വേണ്ടി ശാരിയും വരുന്നത്. ഞങ്ങള്‍ ട്യൂഷന്‍ കഴിഞ്ഞ് മാഷിന്റെ വീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഒരു സൈക്കിളും ഉരുട്ടി എതിരേ വരുന്നൂണ്ടാകും അവള്‍. കണി പാഴാക്കേണ്ട എന്ന വിചാരത്തില്‍ അവളുടെ മുഖത്തേക്ക് ഉറ്റുനോക്കുന്ന എന്നില്‍ നിന്ന് പുച്ഛഭാവത്തില്‍ മുഖം വെട്ടിത്തിരിച്ച് അവള്‍ മുന്‍പോട്ട് നടക്കും. ‘ഈ വായിനോക്കിക്ക് വേറെ ഒരു പണിയുമില്ലെ’ എന്നു അവള്‍ മനസ്സില്‍ പറഞ്ഞു എന്ന് ആ മുഖഭാവത്തില്‍ നിന്ന് വ്യക്തം.


ആ ശാരിയാണ് ഇപ്പോള്‍ എന്നോട് എന്തോ പറയാന്‍ തുടങ്ങുന്നത്. ഞാന്‍ ചെവി വട്ടം പിടിച്ചു.ആ മണിശബ്ദത്തിന്റെ ബഹളത്തിനിടയിലും ഞാന്‍ കേട്ടു അവളുടെ മനോഹര ശബ്ദം. ചേട്ടനെ എനിക്കിഷമാണ്...ആദ്യം കണ്ട നാള്‍ മുതല്‍ തന്നെ. ഞാന്‍ ‘പുളകിതനായി’പ്പോയി. ദൈവമേ ഇതു സത്യമോ? ദൈവം അതെ എന്നു പറഞ്ഞത് പോലെ രണ്ട് മഴത്തൂള്ളികള്‍ എന്റെ മുഖത്ത് പതിച്ചോ എന്നൊരു ശങ്ക. മഴത്തൂള്ളിയല്ല പെരുമഴതന്നെ. പക്ഷെ ആ പെരുമഴ തോര്‍ന്നപ്പോള്‍ ബാക്ക് ഗ്രൌണ്ട് മുഴങ്ങിയിരുന്ന മണിശബ്ദവും എന്റെ മുന്നിലെ ഇരുട്ടും മാത്രം ബാക്കിയായി.എന്റെ മുഖം നനഞ്ഞ് കുളിച്ചിരുന്നു. പെട്ടെന്ന് ഇരുട്ടിനെ കീറിമുറിച്ച് ടേബിള്‍ ലാമ്പിന്റെ പ്രകാശമെത്തി. ആ പ്രകാശത്തില്‍ എന്റെ കണ്ണുകള്‍ പരതി ‘എന്റെ ശാരിയെവിടെ’? കണ്ണുകള്‍ക്ക് ശാരിയെ കണ്ടെത്താനായില്ലെങ്കിലും മറ്റൊരു രൂപത്തെ അത് കണ്ടെത്തി. മഗ്ഗില്‍ വെള്ളവുമായി കലിതുള്ളി നില്‍ക്കുന്ന എന്റെ പിതാവിനെ....


ബാക്ക് ഗ്രൌണ്ടില്‍ അലമുറയിടുന്ന മണിശബ്ദ വാഹകന്റെ തലമണ്ട നോക്കി ഒരൊറ്റ വീക്ക് കൊടുത്ത് കൊണ്ട് പിതാവ് ഗര്‍ജ്ജിച്ചു. ’പോത്ത് പോലെ കിടന്നുറങ്ങാതെ എഴുനേറ്റ് ഒരുങ്ങി ട്യൂഷനു പോടാ...‘ പുള്ളിയുടെ കൈക്ക് പണിയുണ്ടാക്കേണ്ട എന്ന് കരുതി ഞാന്‍ എഴുനേറ്റു. ഇന്നൊരു ശനിയാഴ്ചയാണ്. ഇന്നും ട്യൂഷന്‍. അതും വെളുക്കുന്നതിന് മുന്‍പ്. കറക്റ്റ് ആറുമണിക്ക് ട്യൂഷന്‍ തൂടങ്ങും. കണക്കിനാണ് ട്യൂഷന്‍. എന്റെ മൊത്തത്തിലുള്ള പഠന നിലവാരം ഇടക്കിടക്ക് വിലയിരുത്താറുള്ള പിതാവ്, ഞാന്‍ മാത്തമാറ്റിക്സില്‍ ‘അഗ്രഗണ്യ’നാണെന്ന് കണ്ടെത്തി (മലയാളമൊഴിച്ച് എല്ലാ വിഷയത്തിനും ഞാന്‍ ‘അഗ്രഗണ്യ‘നായിരുന്നു. ഈ വിഷയത്തില്‍ അല്പം കൂടിപോയി എന്നു മാത്രം). ആ കണ്ടെത്തല്‍ ഒരു ട്യൂഷന്‍ മാഷിനെ തിരക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച് കാണണം.


അങ്ങനെ എന്റെ പിതാവാണ് വിജയന്‍ മാഷിനെ കണ്ടെത്തിയത്. എന്റെ കഴിവു ഉപയോഗിച്ച് ഞാന്‍ പഠിച്ചോളാം, നല്ല മാര്‍ക്കു വാങ്ങാം എന്നൊക്കെയുള്ള എന്റെ വാദങ്ങളെ തള്ളിക്കളഞ്ഞ് എന്റെപിതാശ്രീ എന്നെ വിജയന്‍ മാഷിന്റെ അടുത്ത് ട്യൂഷന് കൊണ്ട് ചേര്‍ത്തു. എന്റെ കഴിവില്‍ അത്രക്കു വിശ്വാസമായിരുന്നു എന്റെ പിതാവിന്. വിജയന്‍ മാഷിന്റെ വീടിനോട് ചേര്‍ന്ന് ഒരു തൊഴുത്തുണ്ട്. അതിനോട് ചേര്‍ന്ന് ഒരു റൂമും. ആ റൂമിലാണ് ട്യൂഷന്‍ അഥവാ മൂന്നാം മുറ അരങ്ങേറുന്നത്.


ചൊവ്വാഴ്ച നടത്തിയ ടെസ്റ്റ് പേപ്പറിന്റെ മാര്‍ക്ക് തരുന്നത് ഇന്നാണ്. ദൈവമെ ഫുൾ മാര്‍ക്കും കിട്ടണേ എന്ന പ്രാര്‍ഥനയോടെ ഞാന്‍ പല്ലുരയ്ക്കാന്‍ ആരംഭിച്ചു. പല്ലുതേപ്പ് എന്നത് ആഗോള കുത്തക മുതലാളിമാര്‍ നമ്മളില്‍ അടിച്ചേല്‍പ്പിച്ച ദുശ്ശീലം ആണെന്നുള്ള ചിന്ത എന്നില്‍ പണ്ടുമുതലേ വേരുറച്ചിരുന്നതിനാല്‍ പല്ലുതേപ്പ് എന്ന സംഭവം തന്നെ എനിക്കു വെറുപ്പായിരുന്നു. ഈ ശാസ്ത്രജ്ഞന്‍മാര്‍ക്ക് പിള്ളാരെ ബുദ്ധിമുട്ടിക്കുന്ന കണ്ട് പിടുത്തങ്ങളല്ലാതെ, വായില്‍ കൊള്ളുമ്പോള്‍ തന്നെ പല്ല് ക്ലീനാകുന്ന എന്തെങ്കിലും ലിക്യുഡ് കണ്ട് പിടിച്ചുകൂടെ എന്ന് ചിന്തിച്ച് കുണ്ഠിതപ്പെടാത്ത ദിവസങ്ങള്‍ ഉണ്ടായിട്ടില്ല അന്നൊക്കെ...


ഡിസംബര്‍ മാസത്തിലെ വല്ലാത്ത തണുപ്പും പല്ലുതേപ്പ് കഴിഞ്ഞപ്പോഴുണ്ടായ ക്ഷീണവും എല്ലാത്തിനുമുപരിയായി ശനിയാഴ്ച സ്കൂളില്‍ പോകേണ്ട എന്ന സന്തോഷവും ‘കുളി വേണ്ട’ എന്ന തീരുമാനം എന്നെ കൊണ്ടെടുപ്പിച്ചു. ചെറുതായിട്ടാണേലും രാവിലെ പിതാശ്രീ ഒന്നു കുളിപ്പിച്ചല്ലോ. കണക്കിന്റെ ബൂക്കും പുസ്തകവുമടങ്ങിയ ബാഗ് സൈക്കിളിന് പുറകില്‍ വച്ച് ഞാന്‍ യാത്ര ആരംഭിച്ചു. എന്തിനും തയ്യാറായി തന്നെ...


ഏകദേശം രണ്ട് കിലോമീറ്റര്‍ കാണും വിജയന്‍ മാഷിന്റെ വീട്ടിലേക്ക്. ആഞ്ഞ് ചവിട്ടുമ്പോഴും എന്റെ മനസ്സില്‍ കിട്ടാന്‍ പൊകുന്ന മാര്‍ക്കിനെയും അതിനു കിട്ടാന്‍ പോകുന്ന 'സമ്മാനത്തെ'യും കുറിച്ചുള്ള ഭയത്തിന്റെ കനലെരിയുകയായിരുന്നു. കഴിഞ്ഞ ടെസ്റ്റ്പേപ്പറിന്റെ മാര്‍ക്കിനാണ് എറ്റവും നല്ല ‘സമ്മാനം‘ കിട്ടിയത്. ഇരുപതില്‍ പതിനെട്ട് എന്നെഴുതിയ പേപ്പര്‍ കയ്യിലോട്ട് കിട്ടിയപ്പോള്‍ ആശങ്കയായിരുന്നു മനസ്സില്‍. രണ്ട് മാര്‍ക്ക് പോകാന്‍ കാരണമായ തെറ്റ് എവിടെയാണ് സംഭവിച്ചത് എന്ന് കണ്ടു പിടിക്കണം. കാരണം എല്ലാവര്‍ക്കും പേപ്പര്‍ കൊടുത്ത ശേഷം വിജയന്‍ മാഷ് ആദ്യം പേപ്പര്‍ കിട്ടിയ ആളിന്റെ അടുത്തേക്കെത്തും. ഒരുപാട് ‘സമ്മാനങ്ങളു‘മായി. സമ്മാനം തന്നു തുടങ്ങിയാല്‍ അതു നിര്‍ത്തണമെങ്കില്‍ നമുക്കു എവിടെ തെറ്റുപറ്റി എന്നു നാം തന്നെ കണ്ട് പിടിച്ച് പറയണം. വെരി സിമ്പിള്‍...


ഒരു കാര്യത്തില്‍ മാത്രം വിജയന്‍ മാഷ് എന്നെ അതിശയിപ്പിച്ചിരുന്നു. ഒരേ രീതിയില്‍ ഉള്ള ‘സമ്മാനങ്ങള്‍‘ തന്ന് അദ്ദേഹം ഞങ്ങളില്‍ ഒരിക്കലും ആവര്‍ത്തന വിരസത ഉണ്ടാക്കിയിരുന്നില്ല. ഈ കാര്യത്തില്‍‘ വെറൈറ്റി ‘ അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. അങ്ങനെ ആദ്യം പേപ്പര്‍ കിട്ടിയ ആളെന്ന നിലക്ക് അദ്ദേഹം എന്റെ അടുത്തെത്തി.


വിളറിയ മുഖത്തോടെ തെറ്റ് കണ്ട്പിടിക്കാന്‍ പേപ്പറില്‍ പരതിക്കോണ്ട് ഞാന്‍ എഴുന്നേറ്റു. എന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് റെയ്നോള്‍ഡ്സ് പേന കയ്യിലെടുത്ത് കൊണ്ട് അദ്ദേഹം ചോദിച്ചു. ’തെറ്റ് കണ്ട് പിടിച്ചോ മോനേ’...? ഇ...ല്ല. ഞാന്‍ ദുര്‍ബ്ബലമായ ഒരു വളിച്ച ചിരി ചിരിച്ചു. ചിരി തീരുന്നതിനു മുന്‍പ് എന്റെ പേനയുടെ അടപ്പിന്റെ കൂര്‍ത്ത മുകള്‍ഭാഗം, എന്റെ ഇടത് കയ്യില്‍ കൈമുട്ടിന് കുറച്ച് മുകള്‍ഭാഗത്തുള്ള മാംസള പ്രദേശത്ത് അമര്‍ന്നു. വാക്കുകള്‍ക്ക് അപ്പുറമുള്ള ഒരു ‘നിര്‍വൃതി’യിലേക്ക് ഞാന്‍ ലയിക്കപ്പെടുകയായിരുന്നു. ആ ‘മാധുര്യം‘ അനുഭവിച്ചാലേ മനസ്സിലാകൂ. ‘നിര്‍വൃതി‘യുടെ ആധിക്യത്തില്‍ ഞാന്‍ ഉയര്‍ത്തപ്പെട്ടു നമ്മുടെ കാലിന്റെ തള്ളവിരലിനു നമ്മുടെ ശരീരത്തെ താങ്ങാനുള്ള ശക്തിയുണ്ട് എന്ന ലോകതത്വവും മനസ്സിലാക്കുകയായിരുന്നു ആ നിമിഷം ഞാന്‍.


ഞാന്‍ ഉത്തരം പറഞ്ഞ് വന്നപ്പോഴേക്കും നക്ഷത്രങ്ങള്‍ പല കളറില്‍ പല വട്ടം എന്റെ തലയില്‍ മിന്നി മാഞ്ഞുകഴിഞ്ഞിരുന്നു. അന്ന് വീട്ടിലെത്തിയ ഉടന്‍ ഈ കാര്യങ്ങള്‍ എല്ലാം വിശദമായി എന്റെ മാതാശ്രീയുടെയും പിതാശ്രീയുടെയും മുമ്പിൽ അല്പം ഭീകരമായി തന്നെ അവതരിപ്പിച്ചു. ചോരചുവപ്പ് വീണ ‘സംഭവ സ്ഥല’വും ഹാജരാക്കി. ഇനിമുതല്‍ ട്യൂഷന് പോകാന്‍ വയ്യ എന്നു ഞാന്‍ തീര്‍ത്തു പറഞ്ഞു. പക്ഷെ എല്ലാം കേട്ട മാതാശ്രീയും പിതാശ്രീയും മലയാളം പ്രസംഗം കേട്ട ഇംഗ്ലീഷുകാരെപ്പോലെ എന്നെ തന്നെ നോക്കിയിരുന്നു........നോ റെസ്പോണ്‍സ്....


സൈക്കിള്‍ പുറത്ത് വച്ച് ട്യൂഷന്‍ റൂമിലേക്ക് പ്രവേശിച്ചപ്പോഴെ എനിക്ക് ഒന്നു മനസ്സിലായി. അടികൊള്ളാന്‍ തയ്യാറായി എല്ലാവരും എത്തിയിട്ടുണ്ട്. ഇന്ന് എന്ത് ‘ വെറൈറ്റി’ യാണ് വിജയന്‍ മാഷ് കരുതി വച്ചിരിക്കുന്നത് എന്ന ചര്‍ച്ച ഞങ്ങള്‍ക്കിടയില്‍ രൂക്ഷമായ സമയം തന്നെ മാഷ് രംഗത്തെത്തി ഒരു മുഴുത്ത ചൂരല്‍ വടിയുമായി. ഞങ്ങളുടെ മുഖങ്ങള്‍ ‘പന്തം കണ്ട പെരുച്ചാഴിയുടേ‘തിനു സമാനമായി. എന്നാല്‍ അന്ന് പേപ്പര്‍ തരുന്നില്ല എന്ന പ്രഖ്യാപനം മാഷ് നടത്തിയപ്പോള്‍ ആരവമുയര്‍ത്തിയ ഞങ്ങളില്‍ വെള്ളിടി വീഴ്ത്തിയാണ് മാഷിന്റെ ശബ്ദം വീണ്ടുമുയര്‍ന്നത്. കഴിഞ്ഞ ടെസ്റ്റ് പേപ്പറിന് കോപ്പിയടിച്ച മഹാന്മാര്‍ ഒന്നെഴുന്നേൽക്ക്?


ആരും അനങ്ങിയില്ല...കാരണമുണ്ട്. വിജയന്‍മാഷിന്റെ വീടിന്റെ ടെറസ്സാണ് ഞങ്ങളുടെ എക്സാം ഹാള്‍. ചൊവ്വാഴ്ച പുലര്‍ച്ചെ ടെറസ്സിന്റെ പലഭാഗത്തായി ഞങ്ങളെ ഇരുത്തി ചോദ്യക്കടലാസും തന്ന് എന്തൊ ആവശ്യത്തിന് പോയ മാഷ് എങ്ങനെ അറിയാനാണ് ഞങ്ങള്‍ ശിഷ്യന്‍മാര്‍ ഒറ്റമനസ്സോടെ ഒരുമിച്ചിരുന്നാണ് പരീക്ഷ എഴുതിയത് എന്ന്. ഇല്ല. അതറിയാന്‍ ഒരു സാധ്യതയുമില്ല.


ആരും അനങ്ങുന്നില്ല എന്ന് മനസ്സിലായ മാഷ് ആദ്യം ഇരിക്കുന്ന ശിഷ്യന്റെ അടുത്തേക്കെത്തി (മഹാന്‍മാരുടെ അതേ ലൈന്‍...).എന്നിട്ട് അദ്ദേഹം ആ ശിഷ്യന്റെ വലതു കരം ഗ്രഹിച്ചുകൊണ്ട് ചോദിച്ചു. ‘മോന്‍ കോപ്പിയടിച്ചില്ല അല്ലേ?’ ഉത്തരത്തിന് അദ്ദേഹം കാത്തില്ല. ശിഷ്യന്റെ വലതു കൈപ്പത്തി അദ്ദേഹത്തിന്റെകയ്യില്‍ ഇരുന്നു തന്നെ കമഴ്ന്നു. അഞ്ചു വിരലിന്റെയും ഞൊട്ടയുടെ മുകളില്‍ വിജയന്‍ മാഷിന്റെ ചൂരല്‍ കയറിയിറങ്ങി. തീരുമാനിച്ച് ഉറപ്പിച്ചപോലെ മൂന്ന് റൌണ്ട്. പക്ഷേ ഈ ‘സുഖം‘ ഇതുവരെ അനുഭവിച്ചിട്ടില്ലാത്തതിനാല്‍ മാഷ് എന്നിലേക്കെത്താനുള്ള കുറച്ച് സമയം കാത്തിരിക്കേണ്ടി വന്നു. പക്ഷെ കിട്ടിയപ്പോള്‍ മനസ്സിലായി ഇതൊരു അനിര്‍വ്വചനീയ സംഭവം തന്നെ എന്ന്. ഈ സമ്മാനം തന്നു കൊണ്ടിരിക്കുമ്പോള്‍ നമ്മള്‍ ഒന്നുമറിയില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. വെറും മരവിപ്പ് മാത്രം . പക്ഷെ മാഷ് നമ്മുടെ കരം മുക്തമാക്കുന്ന ആ നിമിഷമാണ് ‘നിമിഷം‘. ഈരേഴു പതിനാലു ലോകവും കൃഷ്ണന്‍ അമ്മയെ കാണിച്ചു എന്നത് ഈ ഒരു നിമിഷം വരെ ഞാന്‍ വിശ്വസിച്ചിട്ടുണ്ടായിരുന്നില്ല.


ഞങ്ങള്‍ എല്ലാവരും ഒരേ മനസ്സോടെ നിന്ന് ‘കൊണ്ടു’ എങ്കിലും എല്ലാവരുടെ മനസ്സിലും ഒരു ചോദ്യം അവശേഷിച്ചു...ഞങ്ങള്‍ കോപ്പിയടിച്ച കാര്യം വിജയന്‍ മാഷ് എങ്ങനെ അറിഞ്ഞു?. ഇനി ഞങ്ങളുടെ ഇടയില്‍ തന്നെയാണൊ ചാരന്‍? അന്നും ക്ലാസ്സ് കഴിഞ്ഞ് തളര്‍ന്ന കയ്യും ശുഷ്കിച്ച മനസ്സുമായി പുറത്തേക്ക് ഇറങ്ങുമ്പോള്‍ ‘അവള്‍‘ എതിരെ വരുന്നുണ്ടായിരുന്നു. പുച്ഛം എടുത്തണിഞ്ഞ മുഖത്തോടെ........

കൂട്ടിചേര്‍ക്കല്‍: ടെസ്റ്റ്പേപ്പര്‍ നടക്കുമ്പോള്‍ കളിപ്പാട്ടങ്ങളുമായി ഞങ്ങള്‍ക്കിടയില്‍ പാറി നടന്നിരുന്ന നാലും ആറും വയസ്സുള്ള, വിജയന്‍മാഷിന്റെ സ്വന്തം ‘ചാര’ സുന്ദരിമാരെ ഞങ്ങള്‍ തിരിച്ചറിഞ്ഞ് വന്നപ്പോഴേക്കും മാഷ് പല ‘വെറൈറ്റി‘കളും ഞങ്ങളെ കാണിച്ച് കഴിഞ്ഞിരുന്നു.

Friday, July 11, 2008

നാളീകേരത്തിന്റെ...

വീണ്ടുമൊരു അതിക്രമം കൂടി....ക്ഷമിച്ചാലും... സഹിച്ചാലും...

DownLoad

നാളീകേരത്തിന്‍റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴീ മണ്ണുണ്ട്.
നാളീകേരത്തിന്‍റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴീ മണ്ണുണ്ട്.
ഒരു നാഴിയിടങ്ങഴീ മണ്ണുണ്ട്.
അതില്‍ നാരയണക്കിളികൂടുപോലുള്ളൊരു
നാലുകാലോലപ്പുരയുണ്ട് (നാളീകേര)


നോമ്പും നോറ്റെന്നെ കാത്തിരിക്കും വാഴ
കൂമ്പുപോലുള്ളൊരു പെണ്ണുണ്ട്
ചാമ്പക്ക ചുണ്ടുള്ള ചന്ദന കവിളുള്ള
ചാട്ടുളി കണ്ണുള്ള പെണ്ണുണ്ട് (നാളീകേര)


വല്യ പെരുനാളു വന്നപ്പോള്‍ അന്നൊരു
വെള്ളി നിലാവുള്ള രാത്രിയില്‍
കല്ലുവെട്ടാം കുഴിക്കക്കരെ വച്ചെന്നോടുള്ളു-
തുറന്നതിന്‍ ശേഷമേ (നാളീകേര)


നീറുന്ന കണ്ണൂമായ് നിന്നെ കിനാകണ്ട്
ദൂരത്ത് വാഴുന്നു ഞാനെന്നും(2)
ഓരോരൊ തീവണ്ടി ഓടിയെത്തുമ്പോഴും
ഓടുന്നു മുറ്റത്ത് നീയെന്നും (നാളീകേര)

Thursday, June 26, 2008

രാപ്പടം

ക്ലോക്കിലെ സൂചികളുടെ ചലനം എന്റെ ഹൃദയമിടിപ്പിനോട് ഏറ്റുമുട്ടുകയാണ്. ക്ലോക്കിന്റെ ശബ്ദമാണൊ അതൊ എന്റെ ഹൃദയമിടിപ്പാണൊ ഉച്ചത്തില്‍ മുഴങ്ങുന്നത് എന്ന സംശയം മാത്രമെ എനിക്കുള്ളു. സമയം രാത്രി 11 കഴിഞ്ഞ ഈ നേരത്തും മാതാശ്രീ ടിവി കണ്ടുകൊണ്ട് എന്നോടൊപ്പമുണ്ട്. ജോലിയൊക്കെ തീര്‍ത്ത ശേഷം കുറച്ചു നേരം ടിവി കാണുക എന്നൊരു ദുശ്ശീലവും എന്റെ മാതാശ്രീ വച്ചുപുലര്‍ത്തിയിരുന്നു. പക്ഷെ ഇന്നു ഞയറാഴ്ചയാണ്. അതു കൊണ്ട് തന്നെയാണ് മാതാശ്രീയുടെ നീണ്ടുപോകുന്ന ഈ ടിവി കാണല്‍ എന്റെ ഹൃദയമിടിപ്പ് കൂട്ടിയതും.


പ്രീഡിഗ്രി കഴിഞ്ഞ് ബിസിനസ്സ് അഡ്മിനിസ്ട്രേഷന്‍ പഠിക്കാന്‍ മൂവാറ്റുപുഴയിലെ ഇലാഹിയ കോളേജില്‍ ചേര്‍ന്നിട്ട് ഒരു മാസം ആകുന്നതെ ഉള്ളു. അതുകൊണ്ട് തന്നെ സുഹൃത് ബന്ധങ്ങള്‍ ഉണ്ടായി വരുന്നതെ ഉള്ളു. നമ്മുടെ ‘സ്റ്റാന്‍റേര്‍ഡിനു‘ പറ്റിയവരെ കിട്ടുകയും വേണമല്ലോ. അങ്ങനെ കിട്ടിയ ഒരു സുഹൃത്തില്‍ നിന്നാണ് ഞാന്‍ ആ ഞെട്ടിക്കുന്ന സത്യമറിഞ്ഞത്. ഏഷ്യാനെറ്റില്‍ എല്ലാ ഞയറാഴ്ചയും രാത്രി 12.15നു “രാപ്പടം“. സംഭവം തുടങ്ങിയിയിട്ടു തന്നെ നാലാഴ്ചയോളമായത്രെ. നാലാഴ്ച!!! നഷ്ടമായ നാലു ദൃശ്യവിസ്മയങ്ങള്‍!!! വൈകി നല്‍കിയ വിവരത്തിലൂടെ എനിക്കു നാലു ഞയറാഴ്ചകള്‍ നഷ്ടമാക്കിയ സുഹൃത്തിനെ മനസ്സാ ശപിച്ചു കൊണ്ട് വരുന്ന ഞയറാഴ്ചയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പിന്റെ കൌണ്ട് ഡൌണ്‍ ഞാന്‍ ആരംഭിച്ചു.


ഹോസ്റ്റല്‍ ജീവിതമായിരുന്നുവെങ്കിലും വിട്ടുമാറാത്ത ഗൃഹാതുരത്വം എന്നെ എല്ലാ ആഴ്ചയും വീട്ടിലെത്തിച്ചിരുന്നു. വീട്ടിലെത്തിയാല്‍ പിന്നെ ആഹാരത്തോടങ്കം വെട്ടിയും ടിവിചാനല്‍ മാറ്റിമാറ്റിവച്ചും രണ്ട് ദിവസം. ചാനല്‍ മാറ്റിമാറ്റി വച്ചു എന്നു പ്രാസത്തില്‍ അങ്ങ് പറഞ്ഞു എന്നു മാത്രമെ ഉള്ളൂ. കേബിള്‍ ടിവി ശൃംഖല എന്റെ ഗ്രാമത്തില്‍ തല കാട്ടി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു.അതുകൊണ്ട് തന്നെ മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ എല്ലാ ഭാഷകള്‍ക്കും കൂടി ആകെ എട്ടു ചാനല്‍.(ദൂരദര്‍ശന്‍റെ മൂന്നു ചാനല്‍ ഉള്‍പ്പടെ). ഉള്ളതുകൊണ്ട് ഓണം പോലെ. തിരിച്ചുള്ള യാത്ര തിങ്കളാഴ്ച പുലര്‍ച്ചെ 4 മണിക്കാണ്. ആ സമയത്തുള്ള ട്രെയിനു പോയാലെ കൃത്യസമയത്തിനു കോളേജില്‍ എത്താന്‍ പറ്റൂ. അതുകൊണ്ട് ഞയറാഴ്ച എന്റെ കിടപ്പ് ഹാളിലുള്ള സോഫയിലാണ്. കാര്യങ്ങള്‍ അങ്ങനെയൊക്കെ ഉള്ളപ്പോഴാണ് ഏഷ്യാനെറ്റിന്റെ ഈ അതിക്രമം.


സമയം അതിക്രമിക്കുകയാണ്. മാതാശ്രീ ഉപഗ്രഹ ചാനലിലെ ഏതോ പഴയ ചലച്ചിത്രഗാനത്തില്‍ മുഴുകിയിരിക്കുകയാണ്. 12.15ന് രാപ്പടം തുടങ്ങും. പക്ഷെ എങ്ങനെ കാണും? മാതാശ്രീ ടിവി കാണല്‍ തുടര്‍ന്നാല്‍ എന്റെ കണക്കുകൂട്ടല്‍ മുഴുവന്‍ തെറ്റും. ഇതുവരെ തീയറ്ററില്‍ പോലും പോയി ഞാന്‍ ഇത്തരം ഒരു പടം കണ്ടിട്ടില്ല. ആഗ്രഹമില്ലാഞ്ഞിട്ടല്ല. ആരെങ്കിലും നമ്മളെ കണ്ട് സംഭവം വീട്ടിലറിഞ്ഞാല്‍ പിന്നെ വീട് എന്നത് ഒരു ‘സ്വപ്നം’ മാത്രമാകും എനിക്ക്. ഞാന്‍ വീടിന്റെ പടിക്കു പുറത്താകും എന്നു ചുരുക്കം. (അഛന് അങ്ങ് അടിച്ചിറക്കിയാല്‍ മതി. നമ്മള്‍ എവിടെപോയി വല്ലതും കഴിക്കും??). പക്ഷെ എന്റെ ആഗ്രഹപൂര്‍ത്തീകരണത്തിന് ഏഷ്യാനെറ്റ് മുന്‍കൈ എടുത്തപ്പോള്‍, ആ സഹായത്തിനു നേരെ ഞാന്‍ കണ്ണടച്ചാല്‍ അതു ഞാന്‍ ചെയ്യുന്ന ഏറ്റവും വലിയ പാപമല്ലേ?അല്ലേ?


എന്റെ ഹൃദയത്തില്‍ കുളിര്‍ കാറ്റ് വീശിക്കൊണ്ട് ഒടുവില്‍ എന്റെ മാതാശ്രീയുടെ പ്രഖ്യാപനമെത്തി. ടിവി ഓഫ് ചെയ്തു കൊണ്ട് “ഞാന്‍ കിടക്കാന്‍ പോകുന്നു” എന്നു പ്രസ്താവിച്ച മാതാശ്രീയോട് മറുപടിയൊന്നും പറയാതെ ടിവിയുടെ അടുത്തിട്ടിരിക്കുന്ന സോഫയിലേക്ക് ഞാന്‍ മറിഞ്ഞു. ഹാളിലെ ഇരുട്ടില്‍ ഞാന്‍ തനിച്ചായി. ഉറക്കമില്ലാത്ത ചീവീടന്‍മാരുടെ കോറസ്സും കാലം പഴകിയ ഗോദ്റേജ് ഫ്രിഡ്ജിന്റെ ഇരമ്പലും ബാക്ക് ഗ്രൌണ്ടില്‍ തകര്‍ക്കുന്നുണ്ട്. പക്ഷെ ഞാന്‍ കേള്‍ക്കുന്നത് ക്ലൊക്കിന്റെ ടിക് ടിക് ശബ്ദം മാത്രം. കാരണം ഇപ്പോള്‍ എന്റെ ചിന്തകളെ നിയന്ത്രിക്കുന്നത് സമയമാണ്. ഇരുട്ട് കനക്കുകയാണ്. സമയം എത്രയായി കാണും എന്ന് പോലും അറിയാന്‍ കഴിയാത്ത അവസ്ഥ.


ഇരുട്ടും കാറ്റും ഇടക്കെന്നില്‍ ഉറക്കത്തിന്റെ വിത്തുകളിട്ടെങ്കിലും അതു ഞാന്‍ മുളയിലേ നുള്ളി . കാരണം ഈ ഒരു ‘ശുഭ’മുഹൂര്‍ത്തത്തിനു വേണ്ടി ഞാന്‍ അത്ര ആഗ്രഹിച്ചിരുന്നു. എല്ലാവരും ഉറങ്ങി എന്ന വിശ്വാസത്തില്‍ ഞാന്‍ എഴുനേറ്റു. ഒരു തികഞ്ഞ കള്ളന്റെ ഭാവ പ്രകടനങ്ങളോടെ... ഇനിയാണ് പ്ലാനിങ്ങുകള്‍ പ്രാവര്‍ത്തികമാക്കേണ്ടത്. ചെയ്യേണ്ടതെല്ലാം ഞാന്‍ മനസ്സില്‍ ഒന്നു ക്രോഡീകരിച്ചു. ആദ്യം വേണ്ടത് ഇരുന്നു കാണാനുള്ള സ്ഥലം ശരിയാക്കുകയാണ്. ടിവി ഓണ്‍ ചെയ്താല്‍ ടിവിയുടെ പ്രകാശം ഇരുട്ടില്‍ തുളച്ചിറങ്ങും. ആ പ്രകാശം രണ്ട് ‘യമണ്ടന്‍‘ എയര്‍ ഹോളുകള്‍ വഴി ഹാളിനോട് ചേര്‍ന്നുള്ള രണ്ട് മുറികളിലേക്കെത്തും. ആ രണ്ട് മുറികള്‍ ആരുടെയൊക്കെ ആണെന്ന് ഞാന്‍ പറയേണ്ടല്ലോ. അങ്ങനെ സംഭവിച്ചാല്‍ അതോട് കൂടി എന്റെ രാപ്പടം കാണല്‍ ഒരു ‘തീരുമാനത്തില്‍‘എത്തും. ടിവിയില്‍ നിന്നു വരുന്ന പ്രകാശത്തെ തടഞ്ഞെ പറ്റു. പക്ഷെ എങ്ങനെ?എന്നിലെ ‘ബുദ്ധിമാന്‍‘ ഉണര്‍ന്നു.( ‘മന്ദബുദ്ധി‘യാണെന്നു ചില കുബുദ്ധികള്‍ പറയുന്നത് മൈന്റ് ചെയ്യേണ്ട.) . എനിക്ക് സോഫയില്‍ വിരിക്കുവാനും പുതയ്ക്കുവാനുമായി രണ്ട് ബെഡ്ഷീറ്റ് ഞാന്‍ എടുത്തിരുന്നു. അത് ഞാന്‍ ടിവിയുടെ മുകളിലൂടെയിട്ടു. ഊര്‍ന്നു പോകാതിരിക്കാന്‍ മുകളില്‍ രണ്ട്മൂന്നു വലിയ ബുക്കുകളും പ്രതിഷ്ടിച്ചു. എന്റെ ‘ബുദ്ധിയില്‍‘ എനിക്കു തന്നെ മതിപ്പ് തോന്നിയ നിമിഷങ്ങള്‍...


ഇനി വേണ്ടത് ടിവി ഓണ്‍ ചെയ്യുക എന്ന കര്‍ത്തവ്യമാണ്. റിമോട്ടില്ലാത്ത ടിവി ഓണ്‍ ചെയ്യണമെങ്കിലും വോളിയം കുറക്കണമെങ്കിലും എല്ലാം ടിവിയില്‍ തന്നെ ഞെക്കിയേ പറ്റു. ഞാന്‍ ടിവിക്ക് അഭിമുഖമായി മുന്‍പില്‍ നിലത്തിരുന്നു. തയാറാക്കി നിറുത്തിയിരുന്ന ബെഡ്ഷീറ്റ് തിരശീലയുടെ ഒരു വശം എന്റെ തല വഴി പുറകിലേക്കിട്ടു. (പാസ്പോര്‍ട്ട് സൈസ് ഫോട്ടൊ എടുക്കാന്‍ ക്യാമറാമാന്‍ ക്യാമറയുടെ മുകളിലൂടെയിട്ട കറുത്ത തുണിയുടെ അടിയിലേക്കു കയറില്ലെ. അതാണ് എന്റെയും അവസ്ഥ). ഇനി ആ നിശബ്ദതയില്‍ ടിവി ഓണ്‍ചെയ്യണം. അതിനോടൊപ്പം മാതാശ്രീ വച്ചിട്ടുപോയ വോളിയം കുറക്കുകയും വേണം. റിമോട്ടുണ്ടായിരുന്നേല്‍ അതില്‍ ‘മ്യൂട്ട്’ എന്ന ബട്ടണെങ്കിലും ഉണ്ട്. എന്താ റിമോട്ടില്ലാത്ത പാവങ്ങള്‍ക്ക് ‘മ്യൂട്ട്’ വേണ്ട എന്നാണൊ ഈ കണ്ടുപിടുത്തക്കാരുടെ വിചാരം). എന്റെ മിടുക്ക് പ്രകടിപ്പിക്കേണ്ട സമയമാണ്. ഓണ്‍ ചെയ്യുമ്പോഴുള്ള ശബ്ദം വേര്‍തിരിച്ചറിയാതിരിക്കാന്‍ ഉച്ചത്തില്‍ ചുമച്ചു കൊണ്ട് ഞാന്‍ ടിവിയില്‍ വിരലമര്‍ത്തി. പക്ഷെ എന്റെ ആദ്യ ശ്രമം പാളി. ഓണായ ടിവി ഞാന്‍ വിരലെടുത്തപ്പോള്‍ ഓഫായി. വീണ്ടും ശ്വാസം ശേഖരിച്ച് ഞാന്‍ വീണ്ടും ചുമച്ചു. ഉച്ചത്തില്‍ തന്നെ. റോക്കറ്റ് ഭ്രമണപദത്തില്‍ എത്തിയപ്പോള്‍ നാസ ശാസ്ത്രജ്ഞനുണ്ടാകുന്നതുപോലുള്ള ഒരു സന്തോഷം. ടിവി ഓണ്‍ ആയി എന്നറിഞ്ഞപ്പോള്‍ അതായിരുന്നു എനിക്ക് തോന്നിയ വികാരം.


രാപ്പടം തുടങ്ങിയിട്ടില്ല. വേറെ ഏതൊ പരിപാടി നടക്കുകയാണ്. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ ഞാന്‍ നിലത്തു ബെഡ്ഷീറ്റ് മറക്കുള്ളില്‍ ടിവി സ്ക്രീനിലേക്കും നോക്കിയിരുന്നു. എന്റെ ക്ഷമ നശിച്ചു തുടങ്ങി. സമയ ക്ലിപ്തതയില്ലാത്ത ഏഷ്യാനെറ്റിന്റെ ഈ നടപടി എന്നെ ‘വേദനിപ്പിച്ചു’. കാരണം. ആരെങ്കിലും എഴുന്നേറ്റ് ഹാളിലേക്കു വന്നാല്‍ എല്ലാം തീര്‍ന്നു. കാരണം പെട്ടെന്ന് ടിവി ഓഫ് ചെയ്യാന്‍ കഴിഞ്ഞാല്‍ തന്നെ മറയില്‍ നിന്നു പുറത്തു വരുക പ്രായോഗികമല്ല. ഇത്രയും റിസ്ക് എടുക്കുന്ന ഒരു പ്രേക്ഷകനോട് ഏഷ്യാനെറ്റന്നല്ല ഒരു ചാനലും ഇങ്ങനെ കാട്ടാന്‍ പാടില്ലെന്നാണ് എന്റെ അഭിപ്രായം....


അങ്ങനെ ആ മുഹൂര്‍ത്തം വന്നെത്തി. രാപ്പടം തുടങ്ങുന്ന ശുഭമുഹൂര്‍ത്തം. സമയം 12.30 ആയി എന്നു ഞാന്‍ ഊഹിച്ചു. ആദ്യ ദൃശ്യം തന്നെ ഒരറിയിപ്പാണ്. 18 വയസ്സില്‍ താഴെയുള്ളവര്‍ ഈ ചിത്രം കാണരുത്. എന്റെ മനസ്സ് സന്തോഷത്താല്‍ പുളകിതമായി.... ദൈവമേ ഞാന്‍ കാത്തിരുന്ന ആ നിമിഷം....... അണിയറ പ്രവര്‍ത്തകരുടെ പേരു കാണിച്ചു തുടങ്ങി. കേട്ടിട്ടുപോലുമില്ലാത്ത അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും.... സം‌വിധായകന്റെ പേരും എഴുതികാണിച്ചു. ഏതോ ഒരു എസ്.എ.ജാന്‍. സാജന്‍ എന്നായിരിക്കാം യഥാര്‍ത്ത പേര്. ആരും പ്രശസ്തരല്ലാത്ത സ്ഥിതിക്ക് അവര്‍ക്ക് ‘ഏതറ്റം വരെയും‘ പോകാന്‍ പറ്റും. ഞാന്‍ കണക്കുകൂട്ടി.


ദൂരെ നിന്നു പാഞ്ഞ് വരുന്ന കാറാണ് ആദ്യത്തെ സീന്‍. എന്നിലെ തിരക്കഥാകൃത്ത് കഥയെ പറ്റി ചില ഊഹങ്ങളും പ്രതീക്ഷകളും നടത്തുകയാണ്. പെട്ടെന്ന് എന്റെ മുന്നിലെ ദൃശ്യങ്ങള്‍ മറഞ്ഞു. അതെ കേബിള്‍ കട്ടായിരിക്കുന്നു. എന്റെ ദൈവമേ.......... ഇത്രയും ഒരുക്കങ്ങള്‍ നടത്തിയ എന്റെ ശ്രമങ്ങള്‍ പാഴാകുകയോ? ദൈവം ഇത്ര ‘കരുണ‘യില്ലാത്തവനോ? വീട്ടില്‍ കേബിള്‍ തരുന്നവന്‍മാരെ ആ നിമിഷം ഒരൂ ഭ്രാന്തനെപ്പോലെ ഞാന്‍ ‘ക’യും ‘മ’ യും കൂട്ടി പ്രാകി.


കേബിള്‍ കട്ടായ ആ സാഹചര്യത്തോട് പൊരുത്തപ്പെടാന്‍ എനിക്കു കഴിയുമായിരുന്നില്ല.അതിനാല്‍ തന്നെ ഞാന്‍ കാത്തിരുന്നു. അതേ ഇരുപ്പില്‍ ....പ്രതീക്ഷയോടെ.... പക്ഷെ സമയം 2.15 ആയിട്ടും ദൈവമൊ കേബിള്‍ ടിവിക്കാരൊ കനിഞ്ഞില്ല. ഒടുവില്‍ പ്രകാശം വേദന വീഴ്ത്തിയ കണ്ണുകളോടെ ഞാന്‍ എഴുന്നേറ്റു. എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റ് കണ്ടപ്പോള്‍ പോലുമുണ്ടാകാത്ത നിരാശയോടെ..........


കൂട്ടിചേര്‍ക്കല്‍: സ്വന്തമായി മുറിയും അതില്‍ ടിവിയും കമ്പ്യൂട്ടരും, വിസിഡി പ്ലെയറും ഒക്കെ കണ്ടു വളരുന്ന ഇന്നത്തെ കൌമാരക്കാര്‍ക്ക് ഇതു കെട്ടു കഥയായൊ തമാശയായൊ ഒക്കെ തോന്നാം. അത് അവരുടെ കുറ്റമല്ല.

Tuesday, June 10, 2008

ആഴക്കടലിന്റെ...

ക്യാന്റീൻ ഭക്ഷണം പകര്‍ന്നു നല്‍കിയ ആലസ്യത്തില്‍ നിന്നും എന്നെ ഉണര്‍ത്തിയത് സഹപ്രവര്‍ത്തകനായ ഉണ്ണികൃഷ്ണന്റെ ശബ്ദമാണ്. ഒരു സാംസ്കാരിക നായകന്‍ സംസാരിക്കുന്നതുപോലെ എടുത്തു വിഴുങ്ങെടാ..., എന്നു പറഞ്ഞുകൊണ്ട് ഒരു കപ്പലണ്ടി മിഠായി അവന്‍ എന്റെ ടേബിളിന്റെ സൈഡില്‍ ഇരുന്ന കടലാസിനു പുറത്തേക്ക് വച്ചു. അദ്ദേഹം പുറത്ത് ഊണു കഴിക്കാന്‍ പോയിട്ട്‌ വരുന്ന വരവാണ്. സ്വതവേ അഹങ്കാരിയായതിനാല്‍ അദ്ദേഹത്തിനു ക്യാന്റീനില്‍ കിട്ടുന്ന, അവിടെ ഒഴിച്ചാല്‍ ഇവിടെ പറ്റുന്ന സാമ്പാറിനോടും, ദയനീയമായ മീന്‍ കറിയോടും , മുഖം നോക്കാവുന്ന മോരു കറിയോടും പരമ പുച്ഛമാണ്. ഉച്ചക്ക് എന്തെങ്കിലും കടിച്ചു പറിച്ചാലെ സുഖമുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. പക്ഷെ ശമ്പളത്തിന്റെ പിടി അയയുന്ന തീയതി 25 കഴിഞ്ഞാല്‍ അദ്ദേഹവും കാണും ഞങ്ങളോടൊപ്പം ക്യാന്റീൻ ക്യൂവില്‍ .


കപ്പലണ്ടി മിഠായി ചവച്ചു കൊണ്ടിരുന്നപ്പോള്‍ ആണ് പഴയ അതിക്രമ ചിന്ത എന്നില്‍ വീണ്ടും ഉടലെടുത്തത്. വീണ്ടും ഒരു പാട്ട് പോസ്റ്റ് ചെയ്താലോ? നമ്മളെ കൊണ്ട് ദ്രോഹിക്കാനല്ലേ പറ്റു. നേരത്തെ ഞാനൊരു പാട്ട് പാടിയിരുന്നു. ആ ദേഷ്യം എല്ലാവരും മറന്നു തുടങ്ങി എന്ന വിശ്വാസത്തോടെ....


ഒരു മുന്നറിയിപ്പ് കൂടി. ആഴക്കടലിന്റെ .... എന്ന് തുടങ്ങുന്ന ഗാനമാണ് ഞാന്‍ പാടാന്‍ 'ശ്രമി'ക്കുന്നത്. എന്റെ അറിവില്‍ അത് നല്ലൊരു താരാട്ട് പാട്ടും കൂടിയാണ്. എന്റെ ഈ പാട്ട് കേട്ടു ഏതെങ്കിലും കുട്ടി നിര്‍ത്താതെ കരഞ്ഞാല്‍ ഒന്നുറപ്പിച്ചോളൂ. അവരുടെ കേള്‍വിക്ക് ഒരു കുഴപ്പവുമില്ല...ഞാന്‍ ഗ്യാരണ്ടി.



Download


Tuesday, May 27, 2008

എന്റെ സംഗീത പഠനം

സമയം, വൈകുന്നേരം ഏകദേശം ആറുമണിയോടടുക്കുന്നു. “അന്തിവെയില്‍ “ എന്നു വലിയ വലിയ കഥാകാരന്മാർ ഒക്കെ വച്ച് കാച്ചുന്ന ഒരു സംഭവം ഞങ്ങളുടെ വീടിന്റെ മുറ്റത്തും പരന്നു കിടക്കുന്നത് തുറന്നിട്ട വാതിലിലൂടെ എനിക്ക് കാണാം. എന്നാല്‍ പുറത്തിറങ്ങി പ്രകൃതിയുടെ ഈ അസുലഭ സൌന്ദര്യത്തെ പുകഴ്ത്തി ഒരു മഹാകാവ്യം രചിച്ചേക്കാം എന്നു ഞാന്‍ ചിന്തിച്ചില്ല. കാരണം കഥ, കവിത എന്നിവയെല്ലാം കണ്ട അണ്ടനും അടകോടനും കയറി നിരങ്ങാനുള്ള സാധനങ്ങള്‍ അല്ല എന്ന ബോധം പണ്ടുമുതലേ എന്നില്‍ വേരോടിയിരുന്നു. അതു കൊണ്ട് അത്തരത്തിലുള്ള ഒരു അതിക്രമം എന്നില്‍ നിന്നു ഉണ്ടാകുമെന്ന് ആരും ഭയപ്പെടേണ്ട.


ടിവിയില്‍ തിരൈമലര്‍ തകര്‍ക്കുകയാണ്. ഇപ്പൊള്‍ പട്ടിയുടെ വിലപോലും ഇല്ലെങ്കിലും (തെരുവു പട്ടിയെ മാത്രമാണ് ഉദ്ദേശിച്ചത്)കുറച്ചു നാള്‍ മുന്‍പു വരെ നമുക്കു എല്ലാം ദൂരദര്‍ശനായിരുന്നല്ലൊ. അതുകൊണ്ട് തന്നെ ഒരിക്കലും മാറാത്ത ആറുപാട്ടുകള്‍( ക്രമം പോലും) ഉള്‍പ്പെട്ട തിരൈമലര്‍ കാണുന്നത്, അവസാനം സ്വയം മടുത്ത് ദൂരദര്‍ശന്‍ പരിപാടി തന്നെ നിര്‍ത്തുന്നത് വരെ ഞാന്‍ നിര്‍ത്തിയില്ല.


വൈകുന്നേരം സ്കൂളില്‍ നിന്നെത്തി ഭക്ഷണത്തിന്റെ മുകളിലുള്ള മാമാങ്കവും കഴിഞ്ഞു അടികൊണ്ട ചേരയുടെ അവസ്ഥയില്‍ തിരൈമലര്‍ കണ്ടുകൊണ്ട് ഇരിക്കുമ്പോളാണ് “ടാ ടിവി ഓഫ് ചെയ്തേ....പാട്ടു സാര്‍ എത്തി” എന്ന് അടുക്കളയില്‍ നിന്ന് മാതാശ്രീയുടെ അറിയിപ്പ് തമിഴ് പാട്ടിന്റെ ശബ്ദത്തെ തോല്‍പ്പിച്ച് എന്നിലേക്കെത്തിയത്. അറിയിപ്പ് എത്തിയതും മിന്നല്‍ വേഗത്തില്‍ (മിന്നല്‍ വേഗം എന്നു പറഞ്ഞെങ്കിലും മണിക്കൂറില്‍ ഏകദേശം 150കിലോമീറ്റര്‍) ഞാന്‍ കുളിമുറിയില്‍ കയറി കതകടച്ചു. പാട്ടു സാര്‍ അകത്തുവന്നിരുന്നതിനു ശേഷം , എന്റെ മാതാശ്രീക്ക് ചായ ഇടാനും സാറിനത് കുടിക്കാനുമുള്ള സമയമാണ് എനിക്ക് കുളിക്കുവാന്‍ കിട്ടുന്നത്. കുളിക്കുമ്പോള്‍ പാട്ടുപാടുക എന്നത് എന്റെ ഒരു ശീലമൊന്നുമല്ലങ്കിലും പാട്ട് സാര്‍ വന്നിരിക്കുന്ന ആ സാഹചര്യത്തില്‍ ഞാന്‍ പാടും. എനിക്കു സംഗീത അഭിരുചി ഇല്ല എന്ന തോന്നല്‍ വല്ലതും സാറിനുണ്ടെങ്കില്‍ മാറട്ടെ എന്നു കരുതിയാണ് ഞാന്‍ ഈ അതിക്രമം തുടര്‍ന്നിരുന്നത്.


ഞാന്‍ കുളികഴിഞ്ഞ് ഇറങ്ങിയപ്പോഴേക്കും സാര്‍ പഠിപ്പിക്കാനായി ഇരുന്നു കഴിഞ്ഞിരുന്നു. ഹാളില്‍ പുല്‍പ്പായ വിരിച്ച് അതില്‍ ഇരുന്നാണ് ഞങ്ങള്‍ ശിഷ്യരുടെ പാട്ട് പഠിത്തം. ശിഷ്യര്‍ എന്നു പറഞ്ഞാല്‍ അധികം ആളൊന്നുമില്ല.ഞാനും എന്റെ സഹോദരിയും. അവള്‍ എന്നെക്കാളും 5വയസ്സിന് മൂത്തതാണെങ്കിലും ആ ബഹുമാനമൊന്നും അന്നും ഇന്നും ഞാന്‍ കൊടുത്തിട്ടില്ല. പാട്ടും ഡാന്‍സും കഥാപ്രസംഗവും എല്ലാം പയറ്റിയിരുന്ന അവള്‍ വലിയ ഒരു കലാകാരിയാണെന്നുള്ള അഹങ്കാരം അവളുടെ മുഖത്തും സ്വഭാവത്തിലും പണ്ടെ ഉണ്ടായിരുന്നു. ആ അഹങ്കാരം വക വച്ചു കൊടുക്കാന്‍ എന്റെ അഭിമാനം അനുവദിച്ചില്ല. അതുകൊണ്ട് തന്നെ ഞങ്ങള്‍ തമ്മില്‍ ഒരു ശീത സമരം നിലനിന്നിരുന്നു. ആ ശീത സമരം ഇടക്കിടക്ക് മുട്ടന്‍ ഇടികള്‍ക്ക് വഴിമാറിയിട്ടുണ്ട് എന്നത് വേറെ കാര്യം. അവളില്‍ നിന്നും എനിക്കനുഭവിക്കേണ്ടി വന്നിട്ടുള്ള ‘ക്രൂരമായ‘ മര്‍ദ്ദനങ്ങളുടെയും ഉച്ചനീചത്വങ്ങളുടെയും കഥ മറ്റൊരിക്കല്‍ വിവരിക്കാം


ഹാര്‍മോണിയം കൊണ്ട് വന്ന് സാറിന്റെ മുന്‍പില്‍ വച്ച ശേഷം അവളും ഇരുന്നു. ഇനി എന്റെ ഒരു കുറവുംകൂടിയെ ഉള്ളു പഠനം ആരംഭിക്കാന്‍. “ടാ ചെന്നിരിക്ക്” എന്ന മാതാശ്രീയുടെ നിര്‍ദ്ദേശം എനിക്ക് അവഗണിക്കാന്‍ കഴിയുമായിരുന്നില്ല. കാരണം അടുത്ത നിര്‍ദ്ദേശം വായ കൊണ്ടല്ല, ചിരട്ട തവിയുടെ പിടികൊണ്ടാകും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സാറിന്റെ മുന്‍പില്‍ ‘മൂത്ത’ ശിഷ്യയുടെ അരികില്‍ തന്നെ ഞാനും സ്ഥലം പിടിച്ചു.ഞാന്‍ സാറിന്റെ മുഖത്തേക്കും എന്റെ സഹോദരിയുടെ മുഖത്തേക്കും മാറിമാറി നോക്കി. എന്റെ സഹോദരിയുടെ മുഖത്ത് ബുഷിന് ഇന്ത്യന്‍ പ്രധാനമന്ത്രിയെ കണ്ട ഭാവം. ലളിതമായി പറഞ്ഞാല്‍ ‘പുച്ഛം’. ഈ പുച്ഛമാണ് വലിയ താല്പര്യമൊന്നുമില്ലാതിരുന്നിട്ടും സംഗീതം പഠിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. വലിയ സുബ്ബലക്ഷ്മിയാണെന്നും പറഞ്ഞ് നടക്കുന്നവളുടെ മുന്‍പില്‍ ഒരു ചെറിയ ‘ദക്ഷിണാമൂര്‍ത്തി‘യെങ്കിലും ആകണമെന്ന് ഞാന്‍ മോഹിച്ചു. അത് തെറ്റാണൊ?


സംഗീത പഠനം ആരംഭിച്ചു. തലേന്ന് പഠിച്ചത് തന്നെ പാടി നോക്കുകയാണ്. ഗുരു പാടുന്നു. ഞങ്ങള്‍ ശിഷ്യര്‍ കൂടെ പാടുന്നു. മൂത്ത ശിഷ്യ എന്നെ ഇപ്പൊ തോല്‍പ്പിക്കും എന്ന ഭാവത്തില്‍ തകര്‍ത്തു പാടുകയാണ്. സംഗീതത്തിന്റെ മാസ്മരികത ഞാന്‍ അറിയുകയായിരുന്നു. ആ അറിവ് എന്നില്‍ അധികമായപ്പോള്‍ എന്റെ കണ്ണുകള്‍ അടഞ്ഞു തുടങ്ങി. കൃഷ്ണമണിയെ യഥാസ്ഥാനത്ത് നിര്‍ത്താന്‍ ഞാന്‍ പണിപ്പെടുന്നുണ്ട്. പക്ഷെ സ്പീഡില്‍ കറങ്ങുന്ന ഫാനും സംഗീതവും എന്നെ ഉറക്കിയെ അടങ്ങു എന്ന മട്ടിലാണ്. പാടുന്നതിന്റെ ഇടയില്‍ തന്നെ ,എന്നോട് പോയിക്കിടന്ന് ഉറങ്ങിക്കോളൂ എന്ന് ആംഗ്യം കാണിക്കുന്ന എന്റെ സംഗീത ഗുരുവിന്റെ മുഖത്തെ ദയനീയത അവ്യക്തമായി എനിക്കു കാണാം. അവിടെ തൂടങ്ങുന്ന ഹ്രസ്വമായ നിദ്രക്കു ഭംഗം വരുന്നത് എന്തെങ്കിലും ഞെട്ടലോടെയാണെന്ന് ഉറപ്പാണ് എനിക്ക്. ഒന്നുകില്‍ ഗുരുവിന്റെ വക ഒരു ചെറിയ തട്ട്, അല്ലെങ്കില്‍ ശത്രുത കാത്തു സൂക്ഷിക്കുന്ന സഹോദരിയുടെ വക കണ്ണു നിറയുന്ന ‘നുള്ള്’ ഇതൊന്നുമല്ലെങ്കില്‍ കണ്ണില്‍ ചോരയില്ലാത്ത മാതാശ്രീയുടെ വക ചിരട്ടത്തവി പിടികൊണ്ടുള്ള മര്‍ദ്ദനം.(ഉറങ്ങുമ്പോള്‍ അടിക്കരുത് എന്ന ശക്തമായ ഉത്തരവിലൂടെ അപ്പൂപ്പന്‍ രക്ഷയ്ക്കെത്തിയില്ലാരുന്നേല്‍ ഞാന്‍ ഈ രീതിയില്‍ എന്റെ മാതാശ്രീയില്‍ നിന്നും കുറെ വാങ്ങി കൂട്ടിയേനെ). മര്‍ദ്ദനമേറ്റ് ഞെട്ടിയുണരുന്ന ഞാന്‍, എന്നെ നോക്കി ചിരിക്കുന്ന മുഖങ്ങള്‍ കാണുമ്പോളാണ് സത്യത്തില്‍ ഉരുകി ഇല്ലാതെയാകുന്നത്. അങ്ങനെ എത്രയെത്ര സന്ധ്യകള്‍..........


ഫീസ് കൊടുത്ത് ഉറങ്ങേണ്ട എന്ന് അച്ഛന്റെ തീരുമാനത്തോടെ എന്റെ സംഗീതപഠനവും എന്നെ യേശുദാസായി കാണാനുള്ള എന്റെ മാതാശ്രീയുടെ ‘അതിമോഹവും’ അവസാനിച്ചു. എന്നെ സംഗീതം പഠിപ്പിച്ച അല്ലെങ്കില്‍ അതിനു വേണ്ടി പാഴ് ശ്രമം നടത്തിയ ആ ഗുരു ഇന്നില്ല. കാലിന് സ്വാധീനക്കുറവുണ്ടായിരുന്ന അദ്ദേഹം ഇന്നും എന്റെ ഓര്‍മ്മകളിലെ നിറസാന്നിധ്യമാണ്. സംഗീതം പഠിച്ചിരുന്നെങ്കില്‍ എന്ന് തോന്നിയ ഒരുപാട് നിമിഷങ്ങളില്‍ ഞാന്‍ ഇന്നും അദ്ദേഹത്തെ ഓര്‍ക്കുന്നു, അവസരം നഷ്ടപ്പെടുത്തിയ കുട്ടിയുടെ നൊമ്പരത്തോടെ.........

Sunday, May 18, 2008

ഞാന്‍ പാടുന്നു. തൊണ്ട കീറി തന്നെ ...

ഇന്നു ഞായറാഴ്ച. രാവിലെ അച്ഛനും അമ്മയും കുടി വലിയ എന്തോ കാര്യം ചര്‍ച്ച ചെയ്യുന്നത് കേട്ടാണ്‌ ഉണര്‍ന്നത്‌. എഴുന്നേറ്റു ചെന്നപ്പോഴാണ്‌ ഞാന്‍ പുലര്‍ച്ചേ നേരത്തെ ഉണരാത്തതാണ് ചര്‍ച്ചാവിഷയം എന്ന് മനസ്സിലായത്. എന്റെ അച്ഛന് നാലരക്ക് ശേഷവും അമ്മയ്ക്ക്‌ ആറുമണിക്ക് ശേഷവും ഉറക്കമില്ല. അവര്‍ക്ക്‌ ഉറക്കമില്ലാത്തത്തിനു നമ്മള്‍ എന്ത് വേണം.


അതുകൊണ്ട് തന്നെ ചര്‍ച്ച ശ്രദ്ധിക്കുന്നു എന്നുപോലും ഭാവിക്കാതെ ഇന്നത്തെ പേപ്പര്‍ എടുത്തു നിവര്‍ത്തി. ഹിമവല്‍ ഭദ്രാനന്ദ തോക്കും നെറ്റിയില്‍ വച്ചു സുരേഷ്ഗോപി സ്റ്റൈലില്‍ "ഇപ്പോള്‍ താങ്ങിക്കളയും " എന്ന് പറഞ്ഞിരിക്കുന്ന കളര്‍ ഫോട്ടോ. മുകളിലായി കണിച്ചുകുളങ്ങര പ്രതികളുടെ ചിരിച്ചുകൊണ്ടിരിക്കുന്ന ഫോട്ടോസ് വേറെ. ഓരോ ദിവസത്തെയും പത്രത്തില്‍ എന്തൊക്കെ വിഷയങ്ങളാണ്. എന്റെ അച്ഛനും അമ്മയ്ക്കും അതിനെപറ്റി ഒന്നും ചര്‍ച്ച ചെയ്യേണ്ട. തലേന്ന് രാത്രി ടീവി കണ്ടിരുന്ന ക്ഷീണത്തില്‍ നമ്മള്‍ ഒന്നുറങ്ങി പോയാല്‍ അത് വലിയ ചര്‍ച്ചാ വിഷയം.


പുറത്തേക്ക് ഇറങ്ങിയപ്പോള്‍ കാണുന്നത് രാവിലെ പള്ളിയിലേക്ക് പോകുന്ന പെണ്‍ കൊടികളെ ആണ്. രാവിലെ കിട്ടിയ കാഴ്ച കളയേണ്ട എന്ന് കരുതി രണ്ടു കണ്ണും അവിടേക്കു സമര്‍പ്പിച്ചു. പക്ഷെ എന്നെ നോക്കിയ പെണ്‍ കൊടിമാരുടെ മുഖത്ത്, സീമ ടി.ജി.രവിയെ കണ്ട ഭാവം. ആ ഭാവം എനിക്ക് ഇഷ്ടപ്പെട്ടില്ല. ഞാന്‍ കയറിപോന്നു. രണ്ടു പാട്ടു കേള്‍ക്കാമെന്ന് കരുതി കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു.


യേശുദാസിന്റെ രണ്ട് പാട്ടു കേട്ടപ്പോള്‍ ഒരാഗ്രഹം, ഞാന്‍ പാടിയ പാട്ടൊന്നു കേട്ടാലോ. നേരത്തെ കരോക്കെയുമായി മിക്സ് ചെയ്തു വച്ചിരുന്ന എന്റെ പാട്ട് ഇട്ടു. എന്താ എന്റെ ഒരു "ഭാവം", "ലയം", "താളം". ഇതെന്റെ കയ്യില്‍ വച്ചിട്ട് ഞാനെന്തിനാ മറ്റുള്ളവരെ ദ്രോഹിക്കാന്‍ വേറെ വഴി തേടുന്നത്. അതെ ഞാനിതാ അതിക്രമം തുടങ്ങി കഴിഞ്ഞു.



Download Song


മാലോകരേ(ബൂലോകരെ), ഒരു "സംഗതിയും" ഇല്ലാത്ത എന്റെ ഈ അതിക്രമത്തിനു ഉപദ്രവം എന്ന ലക്ഷ്യം മാത്രമെ ഉള്ളു. എന്റെ ആലാപന 'മാധുര്യം' നുകര്‍ന്ന് ആരുടെ എങ്കിലും കണ്ണ് തള്ളിയാലോ, ബോധം കെട്ട് വീണാലോ അത്തരം കഷ്ട നഷ്ടങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല. ഇതെന്റെ ഒരു ആഗ്രഹ പൂര്‍ത്തീകരണം മാത്രം. അനുഭവിച്ചാലും.....

Wednesday, May 14, 2008

എന്റെ “ആദ്യാനുരാഗം“

വൈകുന്നേരം നാലരക്ക് സ്കൂള്‍ വിട്ടു വീട്ടിലെത്തികഴിഞ്ഞാല്‍ പിന്നെ ഒരധ്വാനമാണ് എനിക്ക്. അധ്വാനം പറമ്പിലല്ല. ഭക്ഷണത്തിന്റെ മുകളിലാണെന്നു മാത്രം. സുമോ ഗുസ്തിക്കാരുടെ അത്രയും വരില്ലെങ്കിലും സാമാന്യം ഭേദപ്പെട്ട ശരീരമുണ്ടായിരുന്ന എനിക്ക്, തടിയാ......ആനേ എന്നൊക്കെ വിളിച്ച് നാണം കെടുത്തുന്ന സഹപാഠികളുടെ മുന്‍പില്‍ അഭിമാനം സംരക്ഷിച്ചെ മതിയാകുമായിരുന്നുള്ളു.


അതിനു വേണ്ടി ഞാന്‍ ഒരു മാര്‍ഗ്ഗം കണ്ടെത്തി. ഉച്ചക്ക് ഏറ്റവും ചെറിയ പാത്രത്തില്‍ ചോറ് കൊണ്ടുപോവുക. “നിന്റെ ശരീരത്തിന് ഇത്രയും ചോറ് മതിയോടാ“........എന്നൊരല്‍പ്പം പരിഹാസ ത്തോടെ എന്നോട് ചോദിച്ചവന്മാരോടെല്ലാം ഞാന്‍ വച്ചു കാച്ചി, "ഞാന്‍ ഇത്രയും ആഹാരം പോലും വീട്ടില്‍ കഴിക്കില്ല". അതുകേട്ട് കണ്ണുതള്ളിയ ഒരുത്തന്റെ മറുചോദ്യം. അപ്പോള്‍ ഈ വണ്ണം? ഒന്നു പതറിയെങ്കിലും ഞാന്‍ തിരിച്ചടിച്ചു. എന്റെ കുടുംബത്തില്‍ എല്ലാവരും വണ്ണമുള്ളവരാണ്. ചിലപ്പോള്‍ അതുകൊണ്ടായിരിക്കാം......ഞാന്‍ അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.


ആ രംഗം അവിടെ അവസാനിച്ചുവെങ്കിലും സഹപാഠികളും സുഹൃത്തുക്കളും ഉള്‍പ്പെട്ട ഒരു വന്‍ ജനാവലിയുടെ തടിയാ........ആനേ.. വിളികളോ എന്നോടുള്ള മനോഭാവമോ ഒട്ടുമേ മാറിയില്ല എന്നത് ചരിത്രം. വൈകുന്നേരം വരെ, അല്പ ഭക്ഷണം മാത്രം കഴിച്ച് ജീവിച്ച എന്റെ കുടലുണങ്ങിയത് മിച്ചം.


ഈ മിതാഹാരത്തിന്റെ ക്ഷീണം തീര്‍ക്കുന്നത് സ്കൂളില്‍ നിന്ന് വീട്ടില്‍ എത്തിയ ശേഷം വൈകുന്നെരം 4.30നും 5.30നും ഇടക്കുള്ള ശുഭമുഹൂര്‍ത്തത്തിലാണ്. വീടിന്റെ ഗേറ്റ് കടക്കുമ്പോഴെ, ഞാന്‍ എത്തിയ കാര്യവും എന്റെ വിശപ്പിന്റെ ആഴവും “അമ്മേ കഴിക്കാന്‍ എടുത്തു വച്ചോളൂ.........” എന്ന ഒരു ഒറ്റ വാചകത്തില്‍ അതും ഒരലര്‍ച്ചയുടെ വകഭേദത്തില്‍ എന്റെ അമ്മയുടെ മുന്‍പില്‍ പ്രതിഭലിപ്പിക്കുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. പിന്നെ കൈകഴുകി(അല്ലെങ്കില്‍ അങ്ങനെ വരുത്തി)വന്നാലുടന്‍ ഒരങ്കമാണ്. ഭക്ഷണത്തോടും എന്റെ അച്ഛനോടും എന്തോ വാശി തീര്‍ക്കുന്നത് പോലെയാണ് പിന്നെ എന്റെ പ്രകടനം. ഈ അങ്കം അവസാനിപ്പിക്കാന്‍ രണ്ട് മാനദണ്ഡങ്ങളാണ് എനിക്കുണ്ടായിരുന്നത്. ഒന്നുകില്‍ ശ്വാസം മുട്ടണം. അല്ലെങ്കില്‍ ഉണ്ടാക്കി വച്ച ഭക്ഷണ സാധനം തീരണം.


ഇടക്കു വെള്ളം പോലും കുടിക്കാതെയുള്ള ഇത്തരത്തിലുള്ള ഒരു പ്രകടനത്തിനിടയില്‍ ,“മോനേ ആഹാരം നിയന്ത്രിക്കണം.... “ എന്ന അച്ഛന്റെ ‘അനവസരത്തിലുള്ള’ ഉപദേശം അതുവരെ കഴിച്ചതു ഒറ്റയടിക്ക് ദഹിപ്പിച്ചെങ്കിലും അമ്മൂമ്മ എന്റെ രക്ഷയ്ക്കെത്തി.“കഴിക്കാവുന്ന പ്രായമല്ലെ. അവന്‍ കഴിക്കട്ടെടാ....” എന്ന അമ്മൂമ്മയുടെ പ്രയോഗത്തിനു മുന്‍പില്‍ അഛന്‍ നിശബ്ദനായി. അതെനിക്കു നന്നെ ബോധിച്ചു. എന്നാല്‍ എന്റെ നയം വ്യക്തമാക്കേണ്ടത് അത്യാവശ്യമാണെന്നു തോന്നിയതിനാല്‍ (അതൊ കഴിച്ച ആഹാരം എല്ലിനിടയില്‍ കയറിയതിനാലൊ)നിസ്സഹായതയുടെ മൂടുപടം മുഖത്തണിഞ്ഞ് ഞാന്‍ ഒരു ഡയലോഗ് കൂടി കൂട്ടിച്ചേര്‍ത്തു. ‘ഞാന്‍ കഴിക്കുന്നത് അഛന് ഇഷ്ടമല്ലെങ്കില്‍ അത് പറഞ്ഞാല്‍ മതി...’ ആ സംഭവത്തിനു ശേഷം ഈ നിമിഷം വരെ അഛന്‍, ആഹാര കാര്യത്തില്‍ എന്നെ ഉപദേശിക്കുക എന്ന സാഹസത്തിനു മുതിര്‍ന്നിട്ടില്ല. എന്തിനധികം “ഇവന്‍ അഹാരം കഴിക്കാന്‍ കാണിക്കുന്ന താല്പര്യം പഠിക്കാന്‍ ഉണ്ടായിരുന്നു എങ്കില്‍ ഇവന്‍ എന്നേ നന്നായിപ്പോയേനെ” എന്ന് എന്നെ ഉന്നം വച്ച് എന്റെ സ്നേഹനിധിയായ മാതാവ് ഇറക്കിയ പ്രകോപനപരമായ പ്രസ്താവനയോട് പോലും അഛന്‍ പ്രതികരിച്ചില്ല.


ജീവിക്കാന്‍ വേണ്ടി മാത്രം ആഹാരം കഴിച്ച മഹാന്‍മാരുടെ ഇടയില്‍ ആഹാരം കഴിക്കാന്‍ വേണ്ടി മാത്രം ജീവിക്കുന്ന ഈ പാവപ്പെട്ടവന്റെ, ഭക്ഷണത്തോടുള്ള ഇഷ്ടത്തിന് “ആക്രാന്തം” എന്ന പേര് ചാര്‍ത്തിക്കൊടുക്കാന്‍ പല കുബുദ്ധികളും ശ്രമിച്ചു.(അവരോടൊക്കെ ദൈവം ചോദിച്ചോളും........) എന്റെ കാഴ്ച്ചപ്പാടില്‍ എനിക്കു ഭക്ഷണത്തോടുണ്ടായിരുന്നത് ആക്രാന്തം ആയിരുന്നില്ല അനുരാഗമായിരുന്നു. ജീവനെടുക്കാന്‍ വരുന്നത് പാണ്ടി ലോറിയാണൊ, വീടിന്റെ മുന്‍പില്‍ നില്‍ക്കുന്ന തെങ്ങിലെ തേങ്ങയാണൊ എന്നുപോലും ഉറപ്പില്ലാത്ത എനിക്ക് രുചിയുടെ വര്‍ണ്ണക്കാഴ്ച പകര്‍ന്ന് തന്ന ഭക്ഷണത്തോടുള്ള അനുരാഗം. അതെ എന്റെ “ആദ്യാനുരാഗം“. ആ അനുരാഗം ഈ നിമിഷവും എന്നെ വിട്ടുപോയിട്ടില്ല എന്നതാണ് എന്റെ ഭാഗ്യവും..

Monday, May 12, 2008

എന്റെ അതിക്രമങ്ങള്‍ക്ക് ഒരു ആമുഖം

എന്നെ കുറിച്ചുള്ള എന്റെ അമ്മയുടെ എറ്റവും വലിയ പരാതികളിലൊന്നായിരുന്നു, എനിക്കു ഒരു കാര്യത്തിലും ഒരു ഉറച്ച തീരുമാനം ഇല്ല എന്നത്. ഈ പരാതി മാറ്റി എടുക്കണമെന്ന ആഗ്രഹം മനസ്സില്‍ ഫുട്ബോള്‍ കളി നടത്തി തുടങ്ങിയപ്പോള്‍ അതിനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ചു ചിന്തിച്ചു തുടങ്ങി. ചിന്ത എന്നു പറഞ്ഞാല്‍ ഒടുക്കത്തെ ചിന്ത. ചിന്ത വളര്‍ന്നു വളര്‍ന്നു മറ്റു വിഷയങ്ങളിലേക്കു പോയി.


വേറെ ഒരു സ്ഥലവും കിട്ടാത്തതുപോലെ, ഒരു യമണ്ടന്‍ കൊതുക് വന്ന് എന്റെ കയ്യിലൂടെ കുഴലിറക്കി രക്തം ഊറ്റാന്‍ തുടങ്ങിയപ്പോള്‍ എന്റെ ചിന്തകള്‍ അറ്റു. പക്ഷെ അപ്പോഴേക്കും എന്റെ ചിന്തകള്‍, സാഹിത്യം,സംസ്കാരം, കല എന്നീ വലിയ വലിയ വിഷയങ്ങളിലൂടെ സഞ്ചരിച്ചു അയലത്തെ ചേച്ചിയുടെ മകളില്‍ എത്തിയിരുന്നു. എന്തോ നഷ്ടമായവന്റെ വേദനയില്‍ ഇരുന്ന എനിക്ക് , പതിച്ചു കിട്ടിയ ഭൂമിയില്‍ വാഴ നടുന്നവന്റെ ധാര്‍ഷ്ട്യത്തൊടെ എന്റെ കയ്യിലിരുന്നു ചോര ഊറ്റി കുടിക്കുന്ന കൊതുകിനോട് ക്ഷമിക്കുവാന്‍ കഴിയുമായിരുന്നില്ല. ഒരു നിമിഷം ഞാന്‍ ഗാന്ധിജിയെ മറന്നു.ബുദ്ധനെ മറന്നു.


അപ്രതീക്ഷിതമായ എന്റെ ആക്രമണത്തില്‍ ആ അഹങ്കാരി ആധുനിക ചിത്രകാരന്റെ ഒരു സൃഷ്ടി പോലെ രക്തവര്‍ണത്തിലുള്ള പടമായി. ആ പടം എന്റെ ആദ്യത്തെ ചിന്താവിഷയത്തിനു ഒരുത്തരം കണ്ടെത്തി തന്നു. അതെ അങ്ങനെ എന്റെ അമ്മയുടെ പരാതികളെ വെല്ലുവിളിച്ചു ആദ്യമായി ഞാനൊരുറച്ച തീരുമാനം എടുത്തു. എങ്ങനെയും മറ്റുള്ളവരെ ദ്രോഹിക്കുക.


എങ്ങനെ ദ്രോഹിക്കും?? അതായി അടുത്ത ചിന്ത. ശാരീരികമായ ദ്രോഹമായാലൊ? വേണ്ട. കാരണം എന്റെ ഉപദ്രവം സഹിക്കാന്‍ വയ്യാതെ ആരെങ്കിലും തിരിച്ചു ദ്രോഹിക്കാന്‍ ശ്രമിച്ചാലൊ. മാത്രമല്ല ഞാന്‍ നിന്ന് ഇടികൊണ്ടാല്‍, കൊല്ലും കൊലയുമുണ്ടായിരുന്ന(ഇപ്പൊള്‍ അങ്ങിങ്ങായി രണ്ടു മൂന്ന് ഞാലിപ്പൂവന്‍ കുലകള്‍ മാത്രം) എന്റെ തറവാട്ടു കാരണവന്മാര്‍ക്ക് അതു മാനക്കേടാണ്. അല്ലെങ്കില്‍ പിന്നെ തിരിഞ്ഞോടണം. ഈ ലോകത്ത് എന്തിനെക്കാളും വിലപ്പെട്ടത് ഭക്ഷണമാണെന്ന് കരുതുന്ന എന്റെ ശരീരം തീരെ “മെലിഞ്ഞ”തായതിനാല്‍ ഞാന്‍ ഓടി രക്ഷപ്പെട്ടത് തന്നെ.


പിന്നെ എങ്ങനെ? എന്റെ ചിന്തകള്‍ കാടുകയറി. പ്രത്യേകിച്ചു ജോലി ഒന്നുമില്ലാത്തതിനാല്‍ (ആഹാരം കഴിക്കുന്നത് ഒരു വലിയ ജോലിയായി ഞാന്‍ കണക്കാക്കിയിരുന്നില്ല) ചിന്തിക്കാന്‍ എനിക്കു ഒരുപാട് സമയം ലഭിച്ചിരുന്നു. ആളുകള്‍ക്ക് ദ്രോഹം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചുറപ്പിച്ചതിനാല്‍ എനിക്കു മാര്‍ഗ്ഗം കണ്ടെത്തിയെ പറ്റു. അവസാനം എന്റെ അനിയന്‍ സഹായത്തിനെത്തി. തനിക്ക് അത്രക്കു നിര്‍ബന്ധമാണെങ്കില്‍ താനൊരു ബ്ലോഗ് കൂടി തുടങ്ങ്.... എന്റെ തലയില്‍ ഒരു സി.എഫ്.എല്‍ ലാമ്പ്(ഓര്‍ഡിനറി ബള്‍ബ് കിട്ടാനില്ല) കത്തി. കൊള്ളാമല്ലൊ ആശയം. അനിയനും മോശക്കരനല്ല. രണ്ട് ബ്ലോഗ് സ്വന്തമായി ഉള്ള ആളാ... ഭൌതികതയെ തള്ളിപ്പറഞ്ഞ് ആത്മീയതയെ കുറിച്ചു സംസാരിച്ച ആ മനുഷ്യനെ ഭൌതിക വാദികള്‍ പുറകെ നടന്നു ചീത്ത വിളിച്ചു, അദ്ദേഹത്തിന്റെ ബ്ലോഗിലും അദ്ദേഹം പോയ മറ്റു ബ്ലോഗുകളിലും. ഞാന്‍ കാണുമ്പോള്‍ ആ അത്മീയ വാദി, കേട്ട ചീത്തകള്‍ ക്രോഡീകരിച്ചു ഒരു പുതിയ നിഘണ്ടു ഇറക്കാനുള്ള തയ്യാറെടുപ്പിലാണ്. ഒരു ആത്മീയവാദിക്കും ഈ ഗതി വരാതിരിക്കട്ടെ!!!


“മാറുന്ന മലയാളി“ എന്ന പേരില്‍ മലയാളികളുടെ പ്രശ്നങ്ങളെ കുറിച്ചു ചിന്തിച്ചു “തള്ളിയ” എനിക്കു പരീക്ഷ, എന്ന പി.എസ്.സി പരീക്ഷാ സഹായി ( ഇതു വായിച്ചു ഹൃദിസ്ഥമാക്കിയ ആയിരങ്ങള്‍ സര്‍ക്കാരുദ്യോഗസ്ഥരായി.സത്യം)ബ്ലോഗും ഔട്ട് ഓഫ് ഫോക്കസ് എന്ന പേരിൽ ഒരു ചിത്രങ്ങളുടെ ബ്ലോഗും (അഹങ്കാരം കൊണ്ട് പറയുകയല്ല.... കിടിലൻ പടങ്ങളാ...സത്യം...വെറുത്ത് പോകും) ഒന്നില്‍ പിഴച്ചാല്‍ നാലെന്നാണല്ലൊ.(അയ്യൊ.അതു മൂന്നല്ലെ എന്ന സംശയം ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ ആ സംശയം മനസ്സില്‍ തന്നെ ഇരുന്നാല്‍ മതി)


അതെ ഞാന്‍ തുനിഞ്ഞിറങ്ങി കഴിഞ്ഞു. അറിഞ്ഞൊ അറിയാതെയൊ ഇവിടെ വരുന്ന എല്ലാവരും അനുഭവിക്കും. ഇല്ലെങ്കില്‍ ഞാന്‍ അനുഭവിപ്പിക്കും. ഇതൊക്കെ കേള്‍ക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും തൊന്നാം ഇതുകൊണ്ട് എനിക്കെന്താണ് നേട്ടമെന്ന്. തന്നെ ലോക്കപ്പിലിട്ട് ഇടിച്ച് ഇഞ്ച പരുവമാക്കിയ എസ്.ഐ ക്കു ഇരുട്ടടി കിട്ടി എന്നറിയുമ്പോള്‍ ഒരു കള്ളനുണ്ടാകുന്ന സന്തോഷം. അതുപോലെ ഒരു സന്തോഷം മാത്രം മതി എനിക്ക്. ആ സന്തോഷത്തിനു വേണ്ടി ഏതറ്റം വരെയും പോകും ഞാന്‍. എന്തതിക്രമത്തിനും തയ്യാറാകും.


എന്റെ അതിക്രമങ്ങള്‍ അനുഭവിച്ചവര്‍ക്ക് അവരുടെ വേദനകള്‍ കമന്റ് ബോക്സില്‍ രേഖപ്പെടുത്താം. എല്ലാ ആഴ്ചയിലും അതില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന രണ്ട് പേര്‍ക്ക് ഞങ്ങടെ നാട്ടിലുള്ള TS.422 ഷാപ്പില്‍ എന്നോടൊപ്പമിരുന്നു കപ്പയും മീനും കഴിക്കാനുള്ള സുവര്‍ണാവസരം. കള്ള് കുടിക്കണമെങ്കില്‍ കാശ് അവരവര്‍ തന്നെ കൊടുക്കണം. അതല്ല എന്നെ കണ്ടെത്തി അടി തരാനാണ് നിങ്ങളുടെ ഭാവമെങ്കില്‍ നിങ്ങള്‍ക്ക് എന്നെ കൊല്ലേണ്ടി വരും. കയ്യും കാലും ഒടിഞ്ഞ് ആശുപത്രിയില്‍ കിടക്കാന്‍ എനിക്കു മനസ്സില്ല. ഏതായാലും ഞാന്‍ തുടങ്ങുന്നു. അനുഭവിച്ചാലും.......അനുഗ്രഹിച്ചാലും....