ആ ശാരിയാണ് ഇപ്പോള്‍ എന്നോട് എന്തോ പറയാന്‍ തുടങ്ങുന്നത്. ഞാന്‍ ചെവി വട്ടം പിടിച്ചു.ആ മണിശബ്ദത്തിന്റെ ബഹളത്തിനിടയിലും ഞാന്‍ കേട്ടു അവളുടെ മനോഹര ശബ്ദം. ചേട്ടനെ എനിക്കിഷമാണ്...ആദ്യം കണ്ട നാള്‍ മുതല്‍ തന്നെ. ഞാന്‍ ‘പുളകിതനായി’പ്പോയി. ദൈവമേ ഇതു സത്യമോ? ദൈവം അതെ എന്നു പറഞ്ഞത് പോലെ രണ്ട് മഴത്തൂള്ളികള്‍ എന്റെ മുഖത്ത് പതിച്ചോ എന്നൊരു ശങ്ക. മഴത്തൂള്ളിയല്ല പെരുമഴതന്നെ. പക്ഷെ ആ പെരുമഴ തോര്‍ന്നപ്പോള്‍ ബാക്ക് ഗ്രൌണ്ട് മുഴങ്ങിയിരുന്ന മണിശബ്ദവും എന്റെ മുന്നിലെ ഇരുട്ടും മാത്രം ബാക്കിയായി.എന്റെ മുഖം നനഞ്ഞ് കുളിച്ചിരുന്നു. പെട്ടെന്ന് ഇരുട്ടിനെ കീറിമുറിച്ച് ടേബിള്‍ ലാമ്പിന്റെ പ്രകാശമെത്തി. ആ പ്രകാശത്തില്‍ എന്റെ കണ്ണുകള്‍ പരതി ‘എന്റെ ശാരിയെവിടെ’? കണ്ണുകള്‍ക്ക് ശാരിയെ കണ്ടെത്താനായില്ലെങ്കിലും മറ്റൊരു രൂപത്തെ അത് കണ്ടെത്തി. മഗ്ഗില്‍ വെള്ളവുമായി കലിതുള്ളി നില്‍ക്കുന്ന എന്റെ പിതാവിനെ....
ബാക്ക് ഗ്രൌണ്ടില്‍ അലമുറയിടുന്ന മണിശബ്ദ വാഹകന്റെ തലമണ്ട നോക്കി ഒരൊറ്റ വീക്ക് കൊടുത്ത് കൊണ്ട് പിതാവ് ഗര്‍ജ്ജിച്ചു. ’പോത്ത് പോലെ കിടന്നുറങ്ങാതെ എഴുനേറ്റ് ഒരുങ്ങി ട്യൂഷനു പോടാ...‘ പുള്ളിയുടെ കൈക്ക് പണിയുണ്ടാക്കേണ്ട എന്ന് കരുതി ഞാന്‍ എഴുനേറ്റു. ഇന്നൊരു ശനിയാഴ്ചയാണ്. ഇന്നും ട്യൂഷന്‍. അതും വെളുക്കുന്നതിന് മുന്‍പ്. കറക്റ്റ് ആറുമണിക്ക് ട്യൂഷന്‍ തൂടങ്ങും. കണക്കിനാണ് ട്യൂഷന്‍. എന്റെ മൊത്തത്തിലുള്ള പഠന നിലവാരം ഇടക്കിടക്ക് വിലയിരുത്താറുള്ള പിതാവ്, ഞാന്‍ മാത്തമാറ്റിക്സില്‍ ‘അഗ്രഗണ്യ’നാണെന്ന് കണ്ടെത്തി (മലയാളമൊഴിച്ച് എല്ലാ വിഷയത്തിനും ഞാന്‍ ‘അഗ്രഗണ്യ‘നായിരുന്നു. ഈ വിഷയത്തില്‍ അല്പം കൂടിപോയി എന്നു മാത്രം). ആ കണ്ടെത്തല്‍ ഒരു ട്യൂഷന്‍ മാഷിനെ തിരക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച് കാണണം.
അങ്ങനെ എന്റെ പിതാവാണ് വിജയന്‍ മാഷിനെ കണ്ടെത്തിയത്. എന്റെ കഴിവു ഉപയോഗിച്ച് ഞാന്‍ പഠിച്ചോളാം, നല്ല മാര്‍ക്കു വാങ്ങാം എന്നൊക്കെയുള്ള എന്റെ വാദങ്ങളെ തള്ളിക്കളഞ്ഞ് എന്റെപിതാശ്രീ എന്നെ വിജയന്‍ മാഷിന്റെ അടുത്ത് ട്യൂഷന് കൊണ്ട് ചേര്‍ത്തു. എന്റെ കഴിവില്‍ അത്രക്കു വിശ്വാസമായിരുന്നു എന്റെ പിതാവിന്. വിജയന്‍ മാഷിന്റെ വീടിനോട് ചേര്‍ന്ന് ഒരു തൊഴുത്തുണ്ട്. അതിനോട് ചേര്‍ന്ന് ഒരു റൂമും. ആ റൂമിലാണ് ട്യൂഷന്‍ അഥവാ മൂന്നാം മുറ അരങ്ങേറുന്നത്.
ചൊവ്വാഴ്ച നടത്തിയ ടെസ്റ്റ് പേപ്പറിന്റെ മാര്‍ക്ക് തരുന്നത് ഇന്നാണ്. ദൈവമെ ഫുൾ മാര്‍ക്കും കിട്ടണേ എന്ന പ്രാര്‍ഥനയോടെ ഞാന്‍ പല്ലുരയ്ക്കാന്‍ ആരംഭിച്ചു. പല്ലുതേപ്പ് എന്നത് ആഗോള കുത്തക മുതലാളിമാര്‍ നമ്മളില്‍ അടിച്ചേല്‍പ്പിച്ച ദുശ്ശീലം ആണെന്നുള്ള ചിന്ത എന്നില്‍ പണ്ടുമുതലേ വേരുറച്ചിരുന്നതിനാല്‍ പല്ലുതേപ്പ് എന്ന സംഭവം തന്നെ എനിക്കു വെറുപ്പായിരുന്നു. ഈ ശാസ്ത്രജ്ഞന്‍മാര്‍ക്ക് പിള്ളാരെ ബുദ്ധിമുട്ടിക്കുന്ന കണ്ട് പിടുത്തങ്ങളല്ലാതെ, വായില്‍ കൊള്ളുമ്പോള്‍ തന്നെ പല്ല് ക്ലീനാകുന്ന എന്തെങ്കിലും ലിക്യുഡ് കണ്ട് പിടിച്ചുകൂടെ എന്ന് ചിന്തിച്ച് കുണ്ഠിതപ്പെടാത്ത ദിവസങ്ങള്‍ ഉണ്ടായിട്ടില്ല അന്നൊക്കെ...
ഡിസംബര്‍ മാസത്തിലെ വല്ലാത്ത തണുപ്പും പല്ലുതേപ്പ് കഴിഞ്ഞപ്പോഴുണ്ടായ ക്ഷീണവും എല്ലാത്തിനുമുപരിയായി ശനിയാഴ്ച സ്കൂളില്‍ പോകേണ്ട എന്ന സന്തോഷവും ‘കുളി വേണ്ട’ എന്ന തീരുമാനം എന്നെ കൊണ്ടെടുപ്പിച്ചു. ചെറുതായിട്ടാണേലും രാവിലെ പിതാശ്രീ ഒന്നു കുളിപ്പിച്ചല്ലോ. കണക്കിന്റെ ബൂക്കും പുസ്തകവുമടങ്ങിയ ബാഗ് സൈക്കിളിന് പുറകില്‍ വച്ച് ഞാന്‍ യാത്ര ആരംഭിച്ചു. എന്തിനും തയ്യാറായി തന്നെ...
ഏകദേശം രണ്ട് കിലോമീറ്റര്‍ കാണും വിജയന്‍ മാഷിന്റെ വീട്ടിലേക്ക്. ആഞ്ഞ് ചവിട്ടുമ്പോഴും എന്റെ മനസ്സില്‍ കിട്ടാന്‍ പൊകുന്ന മാര്‍ക്കിനെയും അതിനു കിട്ടാന്‍ പോകുന്ന 'സമ്മാനത്തെ'യും കുറിച്ചുള്ള ഭയത്തിന്റെ കനലെരിയുകയായിരുന്നു. കഴിഞ്ഞ ടെസ്റ്റ്പേപ്പറിന്റെ മാര്‍ക്കിനാണ് എറ്റവും നല്ല ‘സമ്മാനം‘ കിട്ടിയത്. ഇരുപതില്‍ പതിനെട്ട് എന്നെഴുതിയ പേപ്പര്‍ കയ്യിലോട്ട് കിട്ടിയപ്പോള്‍ ആശങ്കയായിരുന്നു മനസ്സില്‍. രണ്ട് മാര്‍ക്ക് പോകാന്‍ കാരണമായ തെറ്റ് എവിടെയാണ് സംഭവിച്ചത് എന്ന് കണ്ടു പിടിക്കണം. കാരണം എല്ലാവര്‍ക്കും പേപ്പര്‍ കൊടുത്ത ശേഷം വിജയന്‍ മാഷ് ആദ്യം പേപ്പര്‍ കിട്ടിയ ആളിന്റെ അടുത്തേക്കെത്തും. ഒരുപാട് ‘സമ്മാനങ്ങളു‘മായി. സമ്മാനം തന്നു തുടങ്ങിയാല്‍ അതു നിര്‍ത്തണമെങ്കില്‍ നമുക്കു എവിടെ തെറ്റുപറ്റി എന്നു നാം തന്നെ കണ്ട് പിടിച്ച് പറയണം. വെരി സിമ്പിള്‍...
ഒരു കാര്യത്തില്‍ മാത്രം വിജയന്‍ മാഷ് എന്നെ അതിശയിപ്പിച്ചിരുന്നു. ഒരേ രീതിയില്‍ ഉള്ള ‘സമ്മാനങ്ങള്‍‘ തന്ന് അദ്ദേഹം ഞങ്ങളില്‍ ഒരിക്കലും ആവര്‍ത്തന വിരസത ഉണ്ടാക്കിയിരുന്നില്ല. ഈ കാര്യത്തില്‍‘ വെറൈറ്റി ‘ അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. അങ്ങനെ ആദ്യം പേപ്പര്‍ കിട്ടിയ ആളെന്ന നിലക്ക് അദ്ദേഹം എന്റെ അടുത്തെത്തി.
വിളറിയ മുഖത്തോടെ തെറ്റ് കണ്ട്പിടിക്കാന്‍ പേപ്പറില്‍ പരതിക്കോണ്ട് ഞാന്‍ എഴുന്നേറ്റു. എന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് റെയ്നോള്‍ഡ്സ് പേന കയ്യിലെടുത്ത് കൊണ്ട് അദ്ദേഹം ചോദിച്ചു. ’തെറ്റ് കണ്ട് പിടിച്ചോ മോനേ’...? ഇ...ല്ല. ഞാന്‍ ദുര്‍ബ്ബലമായ ഒരു വളിച്ച ചിരി ചിരിച്ചു. ചിരി തീരുന്നതിനു മുന്‍പ് എന്റെ പേനയുടെ അടപ്പിന്റെ കൂര്‍ത്ത മുകള്‍ഭാഗം, എന്റെ ഇടത് കയ്യില്‍ കൈമുട്ടിന് കുറച്ച് മുകള്‍ഭാഗത്തുള്ള മാംസള പ്രദേശത്ത് അമര്‍ന്നു. വാക്കുകള്‍ക്ക് അപ്പുറമുള്ള ഒരു ‘നിര്‍വൃതി’യിലേക്ക് ഞാന്‍ ലയിക്കപ്പെടുകയായിരുന്നു. ആ ‘മാധുര്യം‘ അനുഭവിച്ചാലേ മനസ്സിലാകൂ. ‘നിര്‍വൃതി‘യുടെ ആധിക്യത്തില്‍ ഞാന്‍ ഉയര്‍ത്തപ്പെട്ടു നമ്മുടെ കാലിന്റെ തള്ളവിരലിനു നമ്മുടെ ശരീരത്തെ താങ്ങാനുള്ള ശക്തിയുണ്ട് എന്ന ലോകതത്വവും മനസ്സിലാക്കുകയായിരുന്നു ആ നിമിഷം ഞാന്‍.
ഞാന്‍ ഉത്തരം പറഞ്ഞ് വന്നപ്പോഴേക്കും നക്ഷത്രങ്ങള്‍ പല കളറില്‍ പല വട്ടം എന്റെ തലയില്‍ മിന്നി മാഞ്ഞുകഴിഞ്ഞിരുന്നു. അന്ന് വീട്ടിലെത്തിയ ഉടന്‍ ഈ കാര്യങ്ങള്‍ എല്ലാം വിശദമായി എന്റെ മാതാശ്രീയുടെയും പിതാശ്രീയുടെയും മുമ്പിൽ അല്പം ഭീകരമായി തന്നെ അവതരിപ്പിച്ചു. ചോരചുവപ്പ് വീണ ‘സംഭവ സ്ഥല’വും ഹാജരാക്കി. ഇനിമുതല്‍ ട്യൂഷന് പോകാന്‍ വയ്യ എന്നു ഞാന്‍ തീര്‍ത്തു പറഞ്ഞു. പക്ഷെ എല്ലാം കേട്ട മാതാശ്രീയും പിതാശ്രീയും മലയാളം പ്രസംഗം കേട്ട ഇംഗ്ലീഷുകാരെപ്പോലെ എന്നെ തന്നെ നോക്കിയിരുന്നു........നോ റെസ്പോണ്‍സ്....
സൈക്കിള്‍ പുറത്ത് വച്ച് ട്യൂഷന്‍ റൂമിലേക്ക് പ്രവേശിച്ചപ്പോഴെ എനിക്ക് ഒന്നു മനസ്സിലായി. അടികൊള്ളാന്‍ തയ്യാറായി എല്ലാവരും എത്തിയിട്ടുണ്ട്. ഇന്ന് എന്ത് ‘ വെറൈറ്റി’ യാണ് വിജയന്‍ മാഷ് കരുതി വച്ചിരിക്കുന്നത് എന്ന ചര്‍ച്ച ഞങ്ങള്‍ക്കിടയില്‍ രൂക്ഷമായ സമയം തന്നെ മാഷ് രംഗത്തെത്തി ഒരു മുഴുത്ത ചൂരല്‍ വടിയുമായി. ഞങ്ങളുടെ മുഖങ്ങള്‍ ‘പന്തം കണ്ട പെരുച്ചാഴിയുടേ‘തിനു സമാനമായി. എന്നാല്‍ അന്ന് പേപ്പര്‍ തരുന്നില്ല എന്ന പ്രഖ്യാപനം മാഷ് നടത്തിയപ്പോള്‍ ആരവമുയര്‍ത്തിയ ഞങ്ങളില്‍ വെള്ളിടി വീഴ്ത്തിയാണ് മാഷിന്റെ ശബ്ദം വീണ്ടുമുയര്‍ന്നത്. കഴിഞ്ഞ ടെസ്റ്റ് പേപ്പറിന് കോപ്പിയടിച്ച മഹാന്മാര്‍ ഒന്നെഴുന്നേൽക്ക്?
ആരും അനങ്ങിയില്ല...കാരണമുണ്ട്. വിജയന്‍മാഷിന്റെ വീടിന്റെ ടെറസ്സാണ് ഞങ്ങളുടെ എക്സാം ഹാള്‍. ചൊവ്വാഴ്ച പുലര്‍ച്ചെ ടെറസ്സിന്റെ പലഭാഗത്തായി ഞങ്ങളെ ഇരുത്തി ചോദ്യക്കടലാസും തന്ന് എന്തൊ ആവശ്യത്തിന് പോയ മാഷ് എങ്ങനെ അറിയാനാണ് ഞങ്ങള്‍ ശിഷ്യന്‍മാര്‍ ഒറ്റമനസ്സോടെ ഒരുമിച്ചിരുന്നാണ് പരീക്ഷ എഴുതിയത് എന്ന്. ഇല്ല. അതറിയാന്‍ ഒരു സാധ്യതയുമില്ല.
ആരും അനങ്ങുന്നില്ല എന്ന് മനസ്സിലായ മാഷ് ആദ്യം ഇരിക്കുന്ന ശിഷ്യന്റെ അടുത്തേക്കെത്തി (മഹാന്‍മാരുടെ അതേ ലൈന്‍...).എന്നിട്ട് അദ്ദേഹം ആ ശിഷ്യന്റെ വലതു കരം ഗ്രഹിച്ചുകൊണ്ട് ചോദിച്ചു. ‘മോന്‍ കോപ്പിയടിച്ചില്ല അല്ലേ?’ ഉത്തരത്തിന് അദ്ദേഹം കാത്തില്ല. ശിഷ്യന്റെ വലതു കൈപ്പത്തി അദ്ദേഹത്തിന്റെകയ്യില്‍ ഇരുന്നു തന്നെ കമഴ്ന്നു. അഞ്ചു വിരലിന്റെയും ഞൊട്ടയുടെ മുകളില്‍ വിജയന്‍ മാഷിന്റെ ചൂരല്‍ കയറിയിറങ്ങി. തീരുമാനിച്ച് ഉറപ്പിച്ചപോലെ മൂന്ന് റൌണ്ട്. പക്ഷേ ഈ ‘സുഖം‘ ഇതുവരെ അനുഭവിച്ചിട്ടില്ലാത്തതിനാല്‍ മാഷ് എന്നിലേക്കെത്താനുള്ള കുറച്ച് സമയം കാത്തിരിക്കേണ്ടി വന്നു. പക്ഷെ കിട്ടിയപ്പോള്‍ മനസ്സിലായി ഇതൊരു അനിര്‍വ്വചനീയ സംഭവം തന്നെ എന്ന്. ഈ സമ്മാനം തന്നു കൊണ്ടിരിക്കുമ്പോള്‍ നമ്മള്‍ ഒന്നുമറിയില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. വെറും മരവിപ്പ് മാത്രം . പക്ഷെ മാഷ് നമ്മുടെ കരം മുക്തമാക്കുന്ന ആ നിമിഷമാണ് ‘നിമിഷം‘. ഈരേഴു പതിനാലു ലോകവും കൃഷ്ണന്‍ അമ്മയെ കാണിച്ചു എന്നത് ഈ ഒരു നിമിഷം വരെ ഞാന്‍ വിശ്വസിച്ചിട്ടുണ്ടായിരുന്നില്ല.
ഞങ്ങള്‍ എല്ലാവരും ഒരേ മനസ്സോടെ നിന്ന് ‘കൊണ്ടു’ എങ്കിലും എല്ലാവരുടെ മനസ്സിലും ഒരു ചോദ്യം അവശേഷിച്ചു...ഞങ്ങള്‍ കോപ്പിയടിച്ച കാര്യം വിജയന്‍ മാഷ് എങ്ങനെ അറിഞ്ഞു?. ഇനി ഞങ്ങളുടെ ഇടയില്‍ തന്നെയാണൊ ചാരന്‍? അന്നും ക്ലാസ്സ് കഴിഞ്ഞ് തളര്‍ന്ന കയ്യും ശുഷ്കിച്ച മനസ്സുമായി പുറത്തേക്ക് ഇറങ്ങുമ്പോള്‍ ‘അവള്‍‘ എതിരെ വരുന്നുണ്ടായിരുന്നു. പുച്ഛം എടുത്തണിഞ്ഞ മുഖത്തോടെ........
കൂട്ടിചേര്‍ക്കല്‍: ടെസ്റ്റ്പേപ്പര്‍ നടക്കുമ്പോള്‍ കളിപ്പാട്ടങ്ങളുമായി ഞങ്ങള്‍ക്കിടയില്‍ പാറി നടന്നിരുന്ന നാലും ആറും വയസ്സുള്ള, വിജയന്‍മാഷിന്റെ സ്വന്തം ‘ചാര’ സുന്ദരിമാരെ ഞങ്ങള്‍ തിരിച്ചറിഞ്ഞ് വന്നപ്പോഴേക്കും മാഷ് പല ‘വെറൈറ്റി‘കളും ഞങ്ങളെ കാണിച്ച് കഴിഞ്ഞിരുന്നു.