Tuesday, May 27, 2008

എന്റെ സംഗീത പഠനം

സമയം, വൈകുന്നേരം ഏകദേശം ആറുമണിയോടടുക്കുന്നു. “അന്തിവെയില്‍ “ എന്നു വലിയ വലിയ കഥാകാരന്മാർ ഒക്കെ വച്ച് കാച്ചുന്ന ഒരു സംഭവം ഞങ്ങളുടെ വീടിന്റെ മുറ്റത്തും പരന്നു കിടക്കുന്നത് തുറന്നിട്ട വാതിലിലൂടെ എനിക്ക് കാണാം. എന്നാല്‍ പുറത്തിറങ്ങി പ്രകൃതിയുടെ ഈ അസുലഭ സൌന്ദര്യത്തെ പുകഴ്ത്തി ഒരു മഹാകാവ്യം രചിച്ചേക്കാം എന്നു ഞാന്‍ ചിന്തിച്ചില്ല. കാരണം കഥ, കവിത എന്നിവയെല്ലാം കണ്ട അണ്ടനും അടകോടനും കയറി നിരങ്ങാനുള്ള സാധനങ്ങള്‍ അല്ല എന്ന ബോധം പണ്ടുമുതലേ എന്നില്‍ വേരോടിയിരുന്നു. അതു കൊണ്ട് അത്തരത്തിലുള്ള ഒരു അതിക്രമം എന്നില്‍ നിന്നു ഉണ്ടാകുമെന്ന് ആരും ഭയപ്പെടേണ്ട.


ടിവിയില്‍ തിരൈമലര്‍ തകര്‍ക്കുകയാണ്. ഇപ്പൊള്‍ പട്ടിയുടെ വിലപോലും ഇല്ലെങ്കിലും (തെരുവു പട്ടിയെ മാത്രമാണ് ഉദ്ദേശിച്ചത്)കുറച്ചു നാള്‍ മുന്‍പു വരെ നമുക്കു എല്ലാം ദൂരദര്‍ശനായിരുന്നല്ലൊ. അതുകൊണ്ട് തന്നെ ഒരിക്കലും മാറാത്ത ആറുപാട്ടുകള്‍( ക്രമം പോലും) ഉള്‍പ്പെട്ട തിരൈമലര്‍ കാണുന്നത്, അവസാനം സ്വയം മടുത്ത് ദൂരദര്‍ശന്‍ പരിപാടി തന്നെ നിര്‍ത്തുന്നത് വരെ ഞാന്‍ നിര്‍ത്തിയില്ല.


വൈകുന്നേരം സ്കൂളില്‍ നിന്നെത്തി ഭക്ഷണത്തിന്റെ മുകളിലുള്ള മാമാങ്കവും കഴിഞ്ഞു അടികൊണ്ട ചേരയുടെ അവസ്ഥയില്‍ തിരൈമലര്‍ കണ്ടുകൊണ്ട് ഇരിക്കുമ്പോളാണ് “ടാ ടിവി ഓഫ് ചെയ്തേ....പാട്ടു സാര്‍ എത്തി” എന്ന് അടുക്കളയില്‍ നിന്ന് മാതാശ്രീയുടെ അറിയിപ്പ് തമിഴ് പാട്ടിന്റെ ശബ്ദത്തെ തോല്‍പ്പിച്ച് എന്നിലേക്കെത്തിയത്. അറിയിപ്പ് എത്തിയതും മിന്നല്‍ വേഗത്തില്‍ (മിന്നല്‍ വേഗം എന്നു പറഞ്ഞെങ്കിലും മണിക്കൂറില്‍ ഏകദേശം 150കിലോമീറ്റര്‍) ഞാന്‍ കുളിമുറിയില്‍ കയറി കതകടച്ചു. പാട്ടു സാര്‍ അകത്തുവന്നിരുന്നതിനു ശേഷം , എന്റെ മാതാശ്രീക്ക് ചായ ഇടാനും സാറിനത് കുടിക്കാനുമുള്ള സമയമാണ് എനിക്ക് കുളിക്കുവാന്‍ കിട്ടുന്നത്. കുളിക്കുമ്പോള്‍ പാട്ടുപാടുക എന്നത് എന്റെ ഒരു ശീലമൊന്നുമല്ലങ്കിലും പാട്ട് സാര്‍ വന്നിരിക്കുന്ന ആ സാഹചര്യത്തില്‍ ഞാന്‍ പാടും. എനിക്കു സംഗീത അഭിരുചി ഇല്ല എന്ന തോന്നല്‍ വല്ലതും സാറിനുണ്ടെങ്കില്‍ മാറട്ടെ എന്നു കരുതിയാണ് ഞാന്‍ ഈ അതിക്രമം തുടര്‍ന്നിരുന്നത്.


ഞാന്‍ കുളികഴിഞ്ഞ് ഇറങ്ങിയപ്പോഴേക്കും സാര്‍ പഠിപ്പിക്കാനായി ഇരുന്നു കഴിഞ്ഞിരുന്നു. ഹാളില്‍ പുല്‍പ്പായ വിരിച്ച് അതില്‍ ഇരുന്നാണ് ഞങ്ങള്‍ ശിഷ്യരുടെ പാട്ട് പഠിത്തം. ശിഷ്യര്‍ എന്നു പറഞ്ഞാല്‍ അധികം ആളൊന്നുമില്ല.ഞാനും എന്റെ സഹോദരിയും. അവള്‍ എന്നെക്കാളും 5വയസ്സിന് മൂത്തതാണെങ്കിലും ആ ബഹുമാനമൊന്നും അന്നും ഇന്നും ഞാന്‍ കൊടുത്തിട്ടില്ല. പാട്ടും ഡാന്‍സും കഥാപ്രസംഗവും എല്ലാം പയറ്റിയിരുന്ന അവള്‍ വലിയ ഒരു കലാകാരിയാണെന്നുള്ള അഹങ്കാരം അവളുടെ മുഖത്തും സ്വഭാവത്തിലും പണ്ടെ ഉണ്ടായിരുന്നു. ആ അഹങ്കാരം വക വച്ചു കൊടുക്കാന്‍ എന്റെ അഭിമാനം അനുവദിച്ചില്ല. അതുകൊണ്ട് തന്നെ ഞങ്ങള്‍ തമ്മില്‍ ഒരു ശീത സമരം നിലനിന്നിരുന്നു. ആ ശീത സമരം ഇടക്കിടക്ക് മുട്ടന്‍ ഇടികള്‍ക്ക് വഴിമാറിയിട്ടുണ്ട് എന്നത് വേറെ കാര്യം. അവളില്‍ നിന്നും എനിക്കനുഭവിക്കേണ്ടി വന്നിട്ടുള്ള ‘ക്രൂരമായ‘ മര്‍ദ്ദനങ്ങളുടെയും ഉച്ചനീചത്വങ്ങളുടെയും കഥ മറ്റൊരിക്കല്‍ വിവരിക്കാം


ഹാര്‍മോണിയം കൊണ്ട് വന്ന് സാറിന്റെ മുന്‍പില്‍ വച്ച ശേഷം അവളും ഇരുന്നു. ഇനി എന്റെ ഒരു കുറവുംകൂടിയെ ഉള്ളു പഠനം ആരംഭിക്കാന്‍. “ടാ ചെന്നിരിക്ക്” എന്ന മാതാശ്രീയുടെ നിര്‍ദ്ദേശം എനിക്ക് അവഗണിക്കാന്‍ കഴിയുമായിരുന്നില്ല. കാരണം അടുത്ത നിര്‍ദ്ദേശം വായ കൊണ്ടല്ല, ചിരട്ട തവിയുടെ പിടികൊണ്ടാകും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സാറിന്റെ മുന്‍പില്‍ ‘മൂത്ത’ ശിഷ്യയുടെ അരികില്‍ തന്നെ ഞാനും സ്ഥലം പിടിച്ചു.ഞാന്‍ സാറിന്റെ മുഖത്തേക്കും എന്റെ സഹോദരിയുടെ മുഖത്തേക്കും മാറിമാറി നോക്കി. എന്റെ സഹോദരിയുടെ മുഖത്ത് ബുഷിന് ഇന്ത്യന്‍ പ്രധാനമന്ത്രിയെ കണ്ട ഭാവം. ലളിതമായി പറഞ്ഞാല്‍ ‘പുച്ഛം’. ഈ പുച്ഛമാണ് വലിയ താല്പര്യമൊന്നുമില്ലാതിരുന്നിട്ടും സംഗീതം പഠിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. വലിയ സുബ്ബലക്ഷ്മിയാണെന്നും പറഞ്ഞ് നടക്കുന്നവളുടെ മുന്‍പില്‍ ഒരു ചെറിയ ‘ദക്ഷിണാമൂര്‍ത്തി‘യെങ്കിലും ആകണമെന്ന് ഞാന്‍ മോഹിച്ചു. അത് തെറ്റാണൊ?


സംഗീത പഠനം ആരംഭിച്ചു. തലേന്ന് പഠിച്ചത് തന്നെ പാടി നോക്കുകയാണ്. ഗുരു പാടുന്നു. ഞങ്ങള്‍ ശിഷ്യര്‍ കൂടെ പാടുന്നു. മൂത്ത ശിഷ്യ എന്നെ ഇപ്പൊ തോല്‍പ്പിക്കും എന്ന ഭാവത്തില്‍ തകര്‍ത്തു പാടുകയാണ്. സംഗീതത്തിന്റെ മാസ്മരികത ഞാന്‍ അറിയുകയായിരുന്നു. ആ അറിവ് എന്നില്‍ അധികമായപ്പോള്‍ എന്റെ കണ്ണുകള്‍ അടഞ്ഞു തുടങ്ങി. കൃഷ്ണമണിയെ യഥാസ്ഥാനത്ത് നിര്‍ത്താന്‍ ഞാന്‍ പണിപ്പെടുന്നുണ്ട്. പക്ഷെ സ്പീഡില്‍ കറങ്ങുന്ന ഫാനും സംഗീതവും എന്നെ ഉറക്കിയെ അടങ്ങു എന്ന മട്ടിലാണ്. പാടുന്നതിന്റെ ഇടയില്‍ തന്നെ ,എന്നോട് പോയിക്കിടന്ന് ഉറങ്ങിക്കോളൂ എന്ന് ആംഗ്യം കാണിക്കുന്ന എന്റെ സംഗീത ഗുരുവിന്റെ മുഖത്തെ ദയനീയത അവ്യക്തമായി എനിക്കു കാണാം. അവിടെ തൂടങ്ങുന്ന ഹ്രസ്വമായ നിദ്രക്കു ഭംഗം വരുന്നത് എന്തെങ്കിലും ഞെട്ടലോടെയാണെന്ന് ഉറപ്പാണ് എനിക്ക്. ഒന്നുകില്‍ ഗുരുവിന്റെ വക ഒരു ചെറിയ തട്ട്, അല്ലെങ്കില്‍ ശത്രുത കാത്തു സൂക്ഷിക്കുന്ന സഹോദരിയുടെ വക കണ്ണു നിറയുന്ന ‘നുള്ള്’ ഇതൊന്നുമല്ലെങ്കില്‍ കണ്ണില്‍ ചോരയില്ലാത്ത മാതാശ്രീയുടെ വക ചിരട്ടത്തവി പിടികൊണ്ടുള്ള മര്‍ദ്ദനം.(ഉറങ്ങുമ്പോള്‍ അടിക്കരുത് എന്ന ശക്തമായ ഉത്തരവിലൂടെ അപ്പൂപ്പന്‍ രക്ഷയ്ക്കെത്തിയില്ലാരുന്നേല്‍ ഞാന്‍ ഈ രീതിയില്‍ എന്റെ മാതാശ്രീയില്‍ നിന്നും കുറെ വാങ്ങി കൂട്ടിയേനെ). മര്‍ദ്ദനമേറ്റ് ഞെട്ടിയുണരുന്ന ഞാന്‍, എന്നെ നോക്കി ചിരിക്കുന്ന മുഖങ്ങള്‍ കാണുമ്പോളാണ് സത്യത്തില്‍ ഉരുകി ഇല്ലാതെയാകുന്നത്. അങ്ങനെ എത്രയെത്ര സന്ധ്യകള്‍..........


ഫീസ് കൊടുത്ത് ഉറങ്ങേണ്ട എന്ന് അച്ഛന്റെ തീരുമാനത്തോടെ എന്റെ സംഗീതപഠനവും എന്നെ യേശുദാസായി കാണാനുള്ള എന്റെ മാതാശ്രീയുടെ ‘അതിമോഹവും’ അവസാനിച്ചു. എന്നെ സംഗീതം പഠിപ്പിച്ച അല്ലെങ്കില്‍ അതിനു വേണ്ടി പാഴ് ശ്രമം നടത്തിയ ആ ഗുരു ഇന്നില്ല. കാലിന് സ്വാധീനക്കുറവുണ്ടായിരുന്ന അദ്ദേഹം ഇന്നും എന്റെ ഓര്‍മ്മകളിലെ നിറസാന്നിധ്യമാണ്. സംഗീതം പഠിച്ചിരുന്നെങ്കില്‍ എന്ന് തോന്നിയ ഒരുപാട് നിമിഷങ്ങളില്‍ ഞാന്‍ ഇന്നും അദ്ദേഹത്തെ ഓര്‍ക്കുന്നു, അവസരം നഷ്ടപ്പെടുത്തിയ കുട്ടിയുടെ നൊമ്പരത്തോടെ.........

12 വേദനകള്‍:

Rejeesh Sanathanan said...

സംഗീതം പഠിച്ചിരുന്നെങ്കില്‍ എന്ന് തോന്നിയ ഒരുപാട് നിമിഷങ്ങളില്‍ ഞാന്‍ ഇന്നും അദ്ദേഹത്തെ ഓര്‍ക്കുന്നു, അവസരം നഷ്ടപ്പെടുത്തിയ കുട്ടിയുടെ നൊമ്പരത്തോടെ.........

ഉണ്ണി.......... said...

ഒരു തമാശ്ശകഥ പോലെ വായിക്കനിരുന്നതാണ്‍ പക്ഷെ അവസാനം ഈ പറഞ്ഞപോലെ എന്തൊക്കെയോ നഷ്ടപ്പെട്ട തോന്നല്‍
ചുരുക്കി പറഞ്ഞാല്‍ ഇഷ്ടായി........

siva // ശിവ said...

ശ്രമിക്കൂ...അതൊക്കെ ഇനിയുമാവാമല്ലോ...ഈ ഓര്‍മ്മക്കുറിപ്പുകള്‍ക്ക് നന്ദി...

Rejeesh Sanathanan said...

>ഒരു പാവം മലയാളി,

വളരെ നന്ദി...........

>ശിവ,

നന്ദി..........

അഹങ്കാരി... said...

എന്റമ്മോ...എന്നെ കൊല്ലുന്നേ....

ഇങ്ങനെയുമുന്ന്ടോ തോന്ന്യാസങ്ങള്‍....

എന്തരായാലും ശരി, മലയാള സംഗീതം...ഛേ അല്ല ,സംഗീതം മൊത്തത്തില്‍ രക്ഷ്ക്ഷപ്പെട്ടു...

പഠിക്കാതെ തന്നെ നാട്ടാര്‍ക്കൊറങ്ങാന്‍ വയ്യ...

ഹെന്റമ്മേ...ആ കാലത്ത് അയലോക്കക്കാരുടെമൊത്തം പാപങ്ങളും തീര്‍ന്നു കാണും...കാറണം ഇതിന്റെ സാധകം കേക്കേണ്ടതവരല്ലേ.....(ദീര്‍ഘനിശ്വാസം)

പുള്ളി ചെറിയൊരു കൊച്ചുത്രേസ്യ ആകാനൊള്ള ശ്രമമാ കേട്ടോ...

പഴയ ജഗദീശ് പടത്തിലേപ്പോലെ അവസാന്നം ഒരു സെന്റി,കുറേ ഫൈറ്റ്....എന്തരപ്പീ ഇത്????

ആ സാറ് ആത്മഹത്യ ചെയ്ത്തതാണോ അതോ അറ്റാക്കായിരുന്നോ????

ഗീത said...

മലയാളീ, സംഗീതപഠനം കൊള്ളാം. ഇതേപോലൊരു കഥ എനിക്കും ഉണ്ട്. ഞാനും അനിയത്തിയും കൂടി സംഗീതം പഠിക്കുന്ന കഥ. അനിയത്തിക്ക് സാറിന്റെ കൈയില്‍ നിന്ന് ഒരുപാട് വഴക്കു കിട്ടും. എത്ര വഴക്കു കിട്ടിയാലും അവള്‍ അവള്‍ക്കു തോന്നുന്ന ട്യൂണിലേ പാടൂ. ഇന്നും തഥൈവ.

മലയാളിയുടെ ബാക്കി പോസ്റ്റുകളും വായിച്ചു.
ആ പാട്ട് ഉഗ്രന്‍ കേട്ടൊ. ഇനിയും പാട്ടുകള്‍ ഇതുപോലെ പാടി പോസ്റ്റു ചെയ്യൂ. കലാകാരിയായ ചേച്ചി ഇപ്പോള്‍ എന്തുചെയ്യുന്നു?

Rejeesh Sanathanan said...

>അഹങ്കാരി,

നമ്മുടെ ജീവിതാനുഭവങ്ങള്‍ ജഗദീഷ് പടങ്ങളുടെ തിരക്കഥകളെയും വെല്ലാറുണ്ട്. ചിലപ്പോളെങ്കിലും.....

>ഗീതാഗീതികള്‍,

വന്നതിനും അതിക്രമങ്ങള്‍ സഹിച്ചതിനും നന്ദി....ചേച്ചി ഇപ്പോള്‍ കുട്ടികളെയും നോക്കി വീട്ടിലിരുപ്പാണ്.സ്വസ്തം......

ശ്രീ said...

ഞാനുമൊരു തമാശ മൂഡിലാണ് വായന തുടങ്ങിയത്. എങ്കിലും തമാശ നിറഞ്ഞ വരികള്‍ക്കിടയിലും സംഗീതത്തെ സ്നേഹിയ്ക്കുന്ന നഷ്ടബോധം നിറഞ്ഞ മനസ്സ് വായിയ്ക്കാന്‍ പറ്റുന്നു. എന്തായാലും കുറച്ചു നാള്‍ സംഗീതം പഠിച്ചതിന്റെ കഴിവുകള്‍ കാണാതിരിയ്ക്കില്ലല്ലോ.
:)

Rejeesh Sanathanan said...

> ശ്രീ,

കാലം തെറ്റി വരുന്ന സുബോധങ്ങള്‍ക്ക് ചിലപ്പോള്‍ പരിഹാരം ഉണ്ടായെന്നു വരില്ല.

Mohamedkutty മുഹമ്മദുകുട്ടി said...

സംഗീതം പഠിക്കാതിരുന്നിട്ടും ഇപ്പോള്‍ തന്റെ തോന്ന്യാസങ്ങള്‍ക്കൊരു കുറവും കാണുന്നില്ല.അപ്പോള്‍ പഠിച്ചിരുന്നെങ്കിലോ?..എന്റമ്മോ!

കെ എല്‍ 25 ബോര്‍ഡര്‍ പോസ്റ്റ്‌. said...

കൊള്ളാം ശരിക്കും ഇഷ്ടമായി...ഇതുപോലൊരെണ്ണം ഞാനും കണ്ടു...അവിടേക്ക് പോകാന്‍ ക്ലിക്ക് ചെയുക

സുധി അറയ്ക്കൽ said...

നോക്ക്.